Administrator
Administrator
സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (SET 2010) ജൂണ്‍ ആറിന്
Administrator
Sunday 14th March 2010 9:45pm

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി, നോണ്‍ വൊക്കേഷണല്‍ അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിര്‍ണയ പരീക്ഷ (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ജൂണ്‍ ആറിന് നടത്തും. ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിക്കാണ് പരീക്ഷാ ചുമതല.

അപേക്ഷകര്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദാനന്തര ബിരുദവും ബി എഡും നേടിയവരായിരിക്കണം. എസ് സി/എസ് ടി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ബിരുദാനന്തര ബിരുദത്തിന് അഞ്ച് ശതമാനം മാര്‍ക്ക് ഇളവുണ്ട്. ചില വിഷയങ്ങള്‍ക്ക് ബി എഡ് ബാധകമല്ല. എല്‍ ടി ടി സി ആന്റ് ഡി എച്ച് ടി ഒഴികെയുള്ള ട്രെയിനിങ് യോഗ്യതകള്‍ ബി എഡിന് തുല്യമായി പരിഗണിക്കില്ല.

ഡിഗ്രി തലത്തില്‍ ലാറ്റിന്‍ സെക്കന്റ് ലാംഗ്വേജായി എടുത്ത് ലാറ്റിന് 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവരും ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനത്തില്‍ കുറയാതെ സെക്കന്റ് ക്ലാസ് പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദവും നേടിയവരുമായിരിക്കണം ലാറ്റിന്‍ വിഷയത്തില്‍ സെറ്റ് പരീക്ഷ എഴുതുന്നവര്‍ .

ജനറല്‍/ഒ ബി സി വിഭാഗത്തില്‍പ്പെടുന്നവര്‍ 500 രൂപയും, എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെടുന്നവര്‍ 250 രൂപയുമാണ് ഫീസ്. കേരളത്തിലെ ഹെഡ് പോസ്‌റ്റോഫിസുകളില്‍ പ്രോസ്‌പെക്റ്റസും അപേക്ഷാഫോറവും മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 17 വരെ ലഭിക്കും. കേരളത്തിന് പുറത്തുള്ളവര്‍ അപേക്ഷ ലഭിക്കാന്‍ ഏതെങ്കിലും ഒരു ദേശസാല്‍കൃത ബാങ്കില്‍ നിന്ന് എല്‍ ബി എസ് ഡയറക്ടറുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 550 രൂപ ഡി ഡിയും (എസ് സി/എസ് ടിക്കാര്‍ 300 രൂപ) ഡി.ഡിയും മുന്‍കൂര്‍ എടുത്ത് വിലാസം എഴുതിയ (31 സെന്റീമീറ്റര്‍ ഃ 25 സെന്റീമീറ്റര്‍) കവറും സഹിതം ഡയറക്ടര്‍, എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി, തിരുവനന്തപുരം വിലാസത്തില്‍ ഏപ്രില്‍ ഏഴിനകം അപേക്ഷിക്കണം.

എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെടുന്നവര്‍ ഫീസ് ഇളവനായി ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷിക്കുന്നവര്‍, നിര്‍ബന്ധമായും എല്‍ ബി എസ് സെന്ററിന്റെ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിരിക്കണം. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത ശേഷം ഫോട്ടോ പതിച്ച അപേക്ഷ തിരുവനന്തപുരം എല്‍.ബി.എസ് സെന്ററില്‍ തപാലില്‍ ലഭിച്ചിരിക്കണം. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ ഹാജരാക്കേണ്ചട ആവശ്യമില്ല. സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചതിനു ശേഷം സെറ്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുവേണ്ടി ഇവ ഹാജരാക്കിയാല്‍ മതി. പരീക്ഷയുടെ ഹാള്‍ടിക്കറ്റ് എല്‍ ബി എസ് സെന്ററിന്റെ വെബ്‌സൈറ്റുകളില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരം www. lbskerala.com, www.lbscentre.org സൈറ്റുകളില്‍ ലഭിക്കും.

Advertisement