എഡിറ്റര്‍
എഡിറ്റര്‍
51 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സര്‍വീസസിന് സന്തോഷ് ട്രോഫി കിരീടം
എഡിറ്റര്‍
Tuesday 29th May 2012 12:21am

കട്ടക്: അര നൂറ്റാണ്ടിന്റെ ഇടവേളക്കുശേഷം വീണ്ടും സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം സര്‍വീസസിന്.  66ാമത് സന്തോഷ് ട്രോഫി ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ വാശിയേറിയ ഫൈനല്‍ മത്സരത്തില്‍  തമിഴ്‌നാടിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് മുട്ടുകുത്തിച്ച് സര്‍വീസസ് കിരീടം ചൂടി.

രണ്ടാം പകുതിയില്‍ മാത്രം ഫൈനലിന്റെ നിലവാരത്തിലേക്ക് ഉയര്‍ന്ന മല്‍സരത്തില്‍ സര്‍വീസസിന്റെ മലയാളിതാരം വി.വി. ഫര്‍ഹാദ് ഒരു ഗോള്‍ നേടി ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായി (ആറ്).

ആദ്യപകുതിയുടെ ഇന്‍ജുറി സമയത്തു സന്തു സുബ്ബയാണു സര്‍വീസസിനെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയുടെ നാലാം മിനിറ്റില്‍ സുബ്രത സര്‍ക്കാറും 22-ാം മിനിറ്റില്‍ കോഴിക്കോട് മീഞ്ചന്തക്കാരന്‍ ഫര്‍ഹാദും ഗോള്‍ നേടി.  തമിഴ്‌നാടിനുവേണ്ടി പകരക്കാരന്‍ ശാന്തകുമാര്‍ രണ്ടാം പകുതിയുടെ 39-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. 44-ാം മിനിറ്റില്‍ എം. രമേഷ് രണ്ടാം ഗോള്‍ നേടി.

തമിഴ്‌നാട് 22ാം മിനിറ്റിലാണ് ആദ്യശ്രമം നടത്തിയത്. ജയകുമാറിന്റെ ഷോട്ട് പക്ഷേ, ലക്ഷ്യം തെറ്റിപ്പറന്നു. 44ാം മിനിറ്റില്‍ നിര്‍മല്‍ കുമാറിന്റെ ക്രോസില്‍ ചാള്‍സ് ആനന്ദ് രാജ് തൊടുത്ത ഹെഡര്‍ സര്‍വീസസ് ഗോളി എ.കെ.ബല്‍വന്ത് തട്ടിയകറ്റി. അടുത്ത മിനിറ്റില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ സര്‍വീസസ് ലീഡ് നേടി. ബോക്‌സിന് പുറത്തുനിന്ന് സഞ്ജു സുബ്ബയുടെ തകര്‍പ്പന്‍ വലങ്കാലന്‍ ഷോട്ട് തമിഴ്‌നാട് ഗോളി അഖില്‍ സോമനെ വെട്ടിച്ച് വലയിലേക്ക് നീങ്ങുകയായിരുന്നു.

67 മിനിറ്റിനകം മൂന്നു ഗോളിന്റെ ലീഡ് നേടിയ സര്‍വീസസിനെതിരെ അവസാന എട്ടുമിനിറ്റിലാണ് തമിഴ്‌നാട് തിരിച്ചടിച്ചത്. സര്‍വീസസിന്റെ മൂന്നാം ഗോള്‍ കോഴിക്കോട്ടുകാരനായ ഫര്‍ഹദിന്റെ വകയായിരുന്നു.

അഞ്ചുലക്ഷം രൂപയാണു വിജയികള്‍ക്കു ലഭിക്കുക. രണ്ടാം സ്ഥാനക്കാര്‍ക്കു മൂന്നുലക്ഷവും.  സര്‍വീസസ് 1960 – 61ല്‍ ആണ് ആദ്യമായി സന്തോഷ് ട്രോഫി കരസ്ഥമാക്കിയത്. അന്നു ബംഗാളിനെ ഏക ഗോളിനു ഫൈനലില്‍ തകര്‍ത്തു. 40 വര്‍ഷങ്ങള്‍ക്കു ശേഷമാണു തമിഴ്‌നാട് ഫൈനലിലെത്തിയത്.

Advertisement