ന്യൂദല്‍ഹി:രാജ്യത്തെ പൗരന്‍മാര്‍ക്ക് സമയബന്ധിതമായി സേവനം നല്‍കുന്നതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.

ചരക്കുസേവനങ്ങള്‍ സമയബന്ധിതമായി ലഭിക്കാനുള്ള പൗരന്‍മാരുടെ അവകാശവും പരാതിപരിഹാരവുമാണ് ബില്ലിന്റെ ഉള്ളടക്കത്തില്‍ പറയുന്നത്.

Ads By Google

ഇതില്‍ വരുന്ന വീഴ്ചയ്ക്ക് പ്രതിദിനം 250 മുതല്‍ 50,000 രൂപവരെ അധികൃതരില്‍ നിന്ന് പിഴ ഈടാക്കാന്‍ ബില്ലില്‍ വകുപ്പുണ്ട്.

പെന്‍ഷന്‍, പാസ്‌പോര്‍ട്ട്, ജാതി സര്‍ട്ടിഫിക്കറ്റ്, നികുതി റീഫണ്ട്, റേഷന്‍കാര്‍ഡ് എന്നിവ സേവനാവകാശബില്ലിന്റെ പരിധിയില്‍ പെടും. ബില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും പൊതുഅധികാരമുള്ള പട്ടികയിലാണ് ഉള്‍പ്പെടുത്തിയത്.

ബില്‍ ഇനി പാര്‍ലമെന്റ് അംഗീകരിക്കുകയും രാഷ്ട്രപതി ഒപ്പുവെക്കുകയും ചെയ്താല്‍ കേന്ദ്രത്തിന്റെ പൗരാവകാശപ്പട്ടികയില്‍പ്പെട്ട സേവനങ്ങളെല്ലാം ജനങ്ങള്‍ക്കു ലഭ്യമാക്കാന്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും ബാധ്യസ്ഥമാകും

ഇതില്‍ പറഞ്ഞ ഏതെങ്കിലും സേവനം പൊതുജനങ്ങള്‍ക്ക്  ലഭിക്കാന്‍ വൈകുകയോ അതില്‍ അഴിമതി കണ്ടെത്തുകയോ ചെയ്താല്‍ അതിനെക്കുറിച്ച് ക്രിമിനല്‍ അന്വേഷണമോ ലോക്പാല്‍ അന്വേഷണമോ  ആവശ്യപ്പെടാന്‍ കേന്ദ്രത്തിന്റെയോ സംസ്ഥാനത്തിന്റെയോ പരാതി പരിഹാരകമ്മീഷന്  അവകാശമുണ്ട്.

2011ല്‍ അണ്ണഹസാരെയുടെ സമരത്തെത്തുടര്‍ന്നാണ് സേവനാവകാശ നിയമത്തിനു രൂപം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായത്. ഇന്ത്യയിലെ പല സംസ്ഥാനസര്‍ക്കാറുകളും പൗരാവകാശങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കാന്‍ ചില നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും ഇത്തരമൊരു വിപുലമായ പട്ടിക പുതിയ സേവനാവകാശ ബില്ലിലുണ്ട്.