എഡിറ്റര്‍
എഡിറ്റര്‍
സ്വാതന്ത്ര്യദിനാഘോഷത്തിനിടെ മണിപ്പൂരില്‍ സ്‌ഫോടനം: 4 പേര്‍ക്ക് പരിക്ക്
എഡിറ്റര്‍
Wednesday 15th August 2012 11:38am

ഇംഫാല്‍ : സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ മണിപ്പൂരില്‍ സ്‌ഫോടന പരമ്പര. തലസ്ഥാന നഗരിയായ ഇംഫാലിലും തൗബല്‍ ജില്ലയിലുമുണ്ടായ മൂന്ന് സ്‌ഫോടനങ്ങളിലായി നാല് പേര്‍ക്ക് പരിക്കേറ്റു. തൗബാല്‍ ജില്ലയിലെ  ഹെഡ്ക്വാര്‍ട്ടേഴ്‌സിന് സമീപമായിരുന്നു ആദ്യ സ്‌ഫോടനം നടന്നത്.

Ads By Google

വൈ മനോനോ സിങ്, സനാബന്താ ദാസ്, അക്കോയ്ജാം ദേവി, മണിസാം ദേവി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍  പ്രവേശിപ്പിച്ചിരിക്കുകയാണ്. നാല് പേരുടേയും നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

മൂന്ന് സ്‌ഫോടനങ്ങളും നടന്നത് തലസ്ഥാന നഗരമായ ഇംഫാലിന് സമീപമാണ്. ഇവിടെ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയായി മുഖ്യമന്ത്രി ഒക്രാം ഇബോബി പങ്കെടുക്കുന്ന സ്വാതന്ത്ര്യദിന പരേഡ് നടന്നുകൊണ്ടിരിക്കുകയായിരുന്നു.  മുഖ്യമന്ത്രി സംസാരിച്ചുകൊണ്ടിരിക്കെ ഗ്രൗണ്ടിന് രണ്ട് കിലോമീറ്റര്‍ അകലെയായി ശക്തിയേറിയ മൂന്ന് ബേംബുകള്‍ പൊട്ടിത്തെറിച്ചു.

രാവിലെ ഒമ്പത് മണിയോടെ നടന്ന ഈ സ്‌ഫോടനത്തില്‍ സമീപത്തുള്ള വീടിന്റെ ചുമര്‍ തകര്‍ന്നിട്ടുണ്ട്. ഇവിടെ സ്ഥാപിച്ചത് റിമോട്ട് കണ്‍ട്രോള്‍ ബോംബ് ആണെന്ന് കരുതുന്നു. സി.ആര്‍.പി എഫ് ഹെഡ് ക്വാട്ടേഴ്‌സിലേക്കുള്ള സുരക്ഷാ ജീവനക്കാര്‍ പോവാറുള്ള വഴിയാണിത്.

തൗബല്‍ ജില്ലയിലെ സ്‌ഫോനത്തിന് തൊട്ടുപിന്നാലെ ഫസ്റ്റ് മണിപ്പൂര്‍ റൈഫിള്‍സ് ഗ്രൗണ്ടിന് ഒരു കിലോ മീറ്റര്‍ സമീപത്തായി മെല ഗ്രൗണ്ടിലാണ് മറ്റൊരു സ്‌ഫോടനം നടന്നത്. ഏതാണ്ട് പത്ത് മിനുട്ട് വ്യത്യാസത്തിലായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംഘടനകളൊന്നും രംഗത്തെത്തിയിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement