കരുനാഗപ്പള്ളി:  സംഗീതാമോഹന്റെ കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നടിയെ അറസ്റ്റുചെയ്തു വിട്ടയച്ചു. താന്‍ തന്നെയാണ് കാര്‍ ഓടിച്ചിരുന്നതെന്ന് സംഗീത മോഹന്‍ പോലീസിനോട് സമ്മതിച്ചതായാണ് വിവരം. ഇന്നലെ രാവിലെ 11.30 ഓടെയാണ് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ ഹാജരായ സംഗീതയെ അറസ്റ്റുചെയ്തത്.

ഡിസംബര്‍ 21ന് രാത്രിയായിരുന്നു സംഭവം. സംഗീതമോഹന്റെ കാറിടിച്ച് വീണ ബൈക്ക് യാത്രക്കാരന്‍ ലോറി കയറി മരിക്കുകയായിരുന്നു. കരുനാഗപ്പള്ളി കെസി സെന്ററിലെ ഡ്രൈവറായിരുന്ന തഴവ കുതിരപന്തി ശ്രീമംഗലത്ത് വീട്ടില്‍ ഷിബു (43) ആണ് മരിച്ചത്. കൊച്ചിയില്‍നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സംഗീത മോഹന്‍ ഓടിച്ചിരുന്ന കാര്‍ മറ്റൊരു വാഹത്തിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടയില്‍ ഷിബു സഞ്ചരിച്ചിരുന്ന ബൈക്കിലിടിക്കുകയായിരുന്നു. റോഡില്‍തെറിച്ചുവീണ ഷിബുവിന്റെ കാലിലൂടെ കണ്ടയ്‌നര്‍ ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു.

Subscribe Us:

സംഗീതാ മോഹന്റെ കാര്‍ അന്നുതന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തൊട്ടടുത്ത ദിവസം സ്‌റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. താനല്ല തന്റെ ഡ്രൈവറാണ് കാര്‍ ഓടിച്ചതെന്നായിരുന്നു നടി ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാല്‍ താന്‍ തന്നെയാണ് വണ്ടിയോടിച്ചതെന്ന് പീന്നീട് തിരുത്തി. ഇന്നലെ രാവിലെ സ്റ്റേഷനിലെത്തിയ സംഗീതാമോഹനനെ നൂറോളംവരുന്ന നാട്ടുകാരുടെ സംഘം പോലീസ് സ്റ്റേഷന് മുന്നില്‍ തടഞ്ഞു.

ഇത് അല്‍പ്പനേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പിന്നീട് പോലീസെത്തിയാണ് ഇവരെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയത്. സ്റ്റേഷനകത്ത് വച്ച് സംഗീതാമോഹനനോട് ഷിബുവിന്റെ ബന്ധുക്കള്‍ രോഷം പ്രകടിപ്പിച്ചിരുന്നു. 25000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലും സ്വന്തം ജാമ്യത്തിലുമാണ് പോലീസ് ഇവരെ വിട്ടയച്ചത്. 279, 304-എ വകുപ്പ് ചുമത്തിയാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത്. അലക്ഷ്യമായി വാഹനമോടിച്ചതിനെതുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടാക്കിയതിനാണ് കേസ്.

തിരുവനന്തപുരത്ത് മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത് വിവാദത്തിനിടയാക്കിയിരുന്നു. കരുനാഗപ്പള്ളി പോലീസ് ഇവരുടെ ഡ്രൈവിംഗ് ലൈസന്‍സ് ആര്‍ടിഓഫീസിന് ഇന്ന് കൈമാറും.

Malayalam News
Kerala News in English