ബ്യൂണസ് അയേര്‍സ്: സെര്‍ജിയോ ബാറ്റിസ്റ്റയെ അര്‍ജന്റീന ദേശീയ ടീം കോച്ചായി നിയമിച്ചു. 2014ല്‍ ബ്രസീലില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിലേക്കായി ടീമിനെ വാര്‍ത്തെടുക്കുക എന്നതായിരിക്കും ബാറ്റിസ്റ്റയുടെ പുതിയ ലക്ഷ്യം. ഡീഗോ മറഡോണയുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് ബാറ്റിസ്റ്റയുടെ നിയമനം.

1986ല്‍ മറഡോണയുടെ നേതൃത്വത്തില്‍ ലോകകപ്പ് നേടിയ ടീമിലെ അംഗമായിരുന്നു ബാറ്റിസ്റ്റ. ഡിഫന്‍സ് മിഡ്ഫീല്‍ഡറായി മികച്ച പ്രകടനമായിരുന്നു ബാറ്റിസ്റ്റയുടേത്. ദേശീയ ടീമിനായി 39 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്.

നവംബര്‍ പതിനേഴിന് ഖത്തറില്‍ ബ്രസീലിനെതിരേ നടക്കുന്ന പ്രദര്‍ശനമല്‍സരത്തില്‍ ടീമിനെ എങ്ങിനെ നയിക്കും എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.