ന്യൂയോര്‍ക്ക്: യു.എസ്. ഓപ്പണ്‍ ടെന്നീസ് വനിതാ വിഭാഗം സിംഗിള്‍സ് ഫൈനലില്‍ മുന്‍ കിരീട ജേത്രിയായ അമേരിക്കയുടെ സെറീന വില്യംസ് കന്നി കിരീടം ലക്ഷ്യമിടുന്ന സാമന്ത സ്റ്റോസറെ നേരിടും. സെറീന സെമിയില്‍ ഒന്നാം സീഡ് കരോളിന്‍ വോസ്‌നിയാക്കിയെ തോല്‍പ്പിച്ചപ്പോള്‍ സമാന്ത സ്‌റ്റോസര്‍ ജര്‍മനിയുടെ ആഞ്ചലിക്ക കെര്‍ബറെ തോല്‍പ്പിച്ചാണ് ഫൈനലിലെത്തിയത്.

പരിക്ക് കാരണം ഒരു വര്‍ഷത്തോളം സജീവ ടെന്നീസില്‍ നിന്ന്് വിട്ട് നിന്ന സെറീനയുടെ ഉജ്ജ്വല തിരിച്ച് വരവിനാണ് ആര്‍തര്‍ ആഷെ സ്‌റ്റേഡിയം സാക്ഷിയായിത്. കഴിഞ്ഞ വിംബിള്‍ഡണ്‍ ചാംപ്യന്‍ഷിപ്പില്‍ സെറീന കളിച്ചിരുന്നെങ്കിലും നേരത്തെ പുറത്താവുകയായിരുന്നു. 2009ന് ശേഷം ആദ്യമായി ഇവിടെ സെമിയിലെത്തുന്ന സെറീന സെമിയില്‍ ഒന്നാം സീഡൂം ലോക ഒന്നാം നമ്പര്‍ താരവുമായ കരോളിന വോസ്‌നിയാക്കിയ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തകര്‍ത്തത്. സ്‌കോര്‍: 6-2,6-4.

നേരത്തെ ആദ്യ സെമിയില്‍ ജര്‍മനിയുടെ ആഞ്ചലിക്ക കെര്‍ബറെ 6-3, 2-6, 6-2 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് സ്‌റ്റോസര്‍ ഫൈനലില്‍ കടന്നത്. ഇത് രണ്ടാം തവണയാണ് സ്റ്റോസര്‍ ഒരു ഗ്രാന്‍സ്‌ലാം ടൂര്‍ണ്ണമെന്റിന്റെ ഫൈനലിലെത്തുന്നത്. ഞായറാഴ്ചയാണ് ഫൈനല്‍.