ബെല്‍ഗ്രേഡ്: മുന്‍ സെര്‍ബിയന്‍ സൈനിക മേധാവിയായിരുന്ന റാട്‌കോ മ്ലാഡികിന് 16 വര്‍ഷം അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചവരെ കുറിച്ച് അന്വേഷിക്കുമെന്ന് സെര്‍ബിയന്‍ പ്രസിഡന്റ് ബോറിസ് ടാഡിക്. മ്ലാഡിക്കിനെ കഴിഞ്ഞ ദിവസം സെര്‍ബിയ അറസ്റ്റ് ചെയ്തിരുന്നു.

യുദ്ധ കുറ്റവാളിയെന്ന നിലയില്‍ വിചാരണ ചെയ്യാന്‍ മ്ലാഡിക്കിനെ ഹേഗിലേക്ക് മാറ്റും.1992-95 കാലയളവില്‍ നടന്ന ബോസ്‌നിയന്‍ യുദ്ധത്തില്‍ നടത്തിയ വംശഹത്യയുടെ പേരിലാണ് മ്ലാഡിക് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.

വിചാരണചെയ്യാനായി കുറ്റകൃത്യം നടന്ന രാജ്യത്തിനു കൈമാറാന്‍ മ്ലാഡിക്കിന്റെ അരോഗ്യം അനുവദിക്കുന്നുണ്ടെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാല്‍ അത് ശരിയല്ലെന്ന് അദ്ദേഹത്തിന്റെ കുടുംബവും അഭിഭാഷകനും പറഞ്ഞു.

റാട്‌കോ മ്ലാഡിക്

സെര്‍ബ് വംശീയ സൈനിക മേധാവിയായ റാട്‌കോ മ്ലാഡിക് 1942ലാണ് ജനിച്ചത്. സെമൂനിലെ സൈനിക സ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് യൂഗോസ്ലാവ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം നേടി. 1965 മുതല്‍ യൂഗോസ്ലാവ് ജനകീയ സൈന്യത്തില്‍ സേവനമനുഷ്ടിച്ചു. 1991ല്‍ യൂഗോസ്ലാവ് പിരിച്ചവിട്ടതുമുത്ല്‍ സെര്‍ബിയന്‍ സൈനിക മേധാവിയായി മ്ലാഡിക് ഉയര്‍ന്നു.

1992-1995 കാലത്തെ ബോസ്‌നിയന്‍ യുദ്ധത്തില്‍് ബോസ്‌നിയന്‍ സെര്‍ബ് സൈന്യത്തിന്റെ മേധാവിയായിരുന്നു മ്ലാഡിക്. നിരവധി വംശഹത്യകളും കൂട്ടപ്പലായനങ്ങളും ഈ യുദ്ധകാലത്ത് ബോസ്‌നിയയില്‍ നടന്നിരുന്നു. 1995 ജൂലൈ മാസത്തില്‍ നടന്ന സെബ്രെണിക്കാ കൂട്ടക്കുരുതിയാണ് അതില്‍വെച്ച് ഏറ്റവും കുപ്രസിദ്ധമായത്. സെബ്രെണിക്ക വംശഹത്യയില്‍ 8000ത്തോളം മുസ്ലീങ്ങളാണ് കൂട്ടക്കുരുതിക്കിരയായത്.

1995ല്‍ത്തന്നെ അന്താരാഷ്ട്ര യൂഗോസ്ലാവിയന്‍ കുറ്റവിചാരണക്കോടതി മ്ലാഡിക്കിനെ അന്താരാഷ്ട്ര യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു. വംശഹത്യയും, യുദ്ധ കുറ്റകൃത്യങ്ങളും മനുഷ്യത്വ വിരുദ്ധമായ കുറ്റകൃത്യങ്ങളുമാണ് അദ്ദേഹത്തിനുമേല്‍ അന്താരാഷ്ട്ര കോടതി ചുമത്തിയിട്ടുള്ളത്. 1995 മുതല്‍ 16 വര്‍ഷക്കാലം അറസറ്റില്‍ നിന്നും രക്ഷപ്പെട്ട് മ്ലാഡിക് ഒളിവിലായിരുന്നു. 2011 മെയ് 26-ാം തീയ്യതി ലസാരെവോയില്‍ നിന്നും അദ്ദേഹം അറസ്റ്റിലായി.