സൂറിച്ച്: കോഴ ആരോപണങ്ങളുടേയും തുടര്‍വിവാദങ്ങളുടേയും അകമ്പടിയോടെ സെപ് ബ്ലാറ്റര്‍ ലോകഫുട്‌ബോള്‍ സംഘടനയുടെ തലപ്പത്ത് വീണ്ടും അവരോധിക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാനിരുന്ന മുഹമ്മദ് ബിന്‍ ഹമ്മാമിനെ പുറത്താക്കിയതോടെ ഏകപക്ഷീയമായിട്ടാണ് ബ്ലാറ്ററുടെ തിരഞ്ഞെടുപ്പ്.

തുടര്‍ച്ചയായ നാലാം തവണയാണ് ബ്ലാറ്റര്‍ ഫിഫയുടെ തലപ്പത്തെത്തുന്നത്. 1998മുതല്‍ ഫിഫ അധ്യക്ഷപദവിയില്‍ തുടരുകയാണ് ഈ സ്വിറ്റ്‌സര്‍ലന്റുകാരന്‍. 203 അംഗങ്ങളില്‍ 186 പ്രതിനിധികളും ബ്ലാറ്ററിന് അനുകൂലമായി വോട്ടുചെയ്തു. അഴിമതിയുടെ പശ്ചാത്തലത്തില്‍ മല്‍സരിക്കുന്നതില്‍ നിന്ന് മാറിനില്‍ക്കണമെന്ന ബ്രിട്ടന്റെ ആവശ്യം ബ്ലാറ്റര്‍ നിരാകരിക്കുകയായിരുന്നു.

ലോകകപ്പ് വേദികള്‍ അനുവദിച്ചുകിട്ടുന്നതിനായി അംഗരാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ക്ക് കോഴ വാഗ്ദാനം ചെയ്തുവെന്നാ ആരോപണം ഫിഫയുടെ യശസ്സിന് കോട്ടം വരുത്തിയിരുന്നു. തുടര്‍ന്ന് ഫിഫയുടെ തന്നെ എത്തിക്‌സ് കമ്മറ്റി അന്വേഷണം നടത്തുകയും ഹമ്മാം, ബ്ലാറ്റര്‍, ജാക് വാര്‍ണര്‍ എന്നിവരടക്കം നിരവധി പേരെ ചോദ്യംചെയ്തിരുന്നു. എന്നാല്‍ ഹമ്മാമിനേയും വാര്‍ണറേയും സസ്‌പെന്‍ഡ് ചെയ്യുകയും ബ്ലാറ്റര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയുമായിരുന്നു.