ന്യൂദല്‍ഹി: ന്യൂനപക്ഷ വിഭാഗക്കാര്‍ ഉള്‍പ്പെട്ട തീവ്രവാദ കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക കോടതികള്‍ രൂപീകരിക്കുന്നു. ന്യൂനപക്ഷ ക്ഷേമമന്ത്രി റഹ്മാന്‍ ഖാനാണ് ഇക്കാര്യം അറിയിച്ചത്.

ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ആവശ്യം കേന്ദ്ര ആഭ്യന്തരമന്ത്രാലയം അംഗീകരിച്ചതായും റഹ്മാന്‍ ഖാന്‍ അംഗീകരിച്ചതായും മന്ത്രി അറിയിച്ചു.

Ads By Google

നിരപരാധികളായ മുസ്‌ലിം യുവാക്കള്‍ തീവ്രവാദ കേസുകളില്‍ കുടുങ്ങുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ ന്യൂനപക്ഷമന്ത്രാലയം ആവശ്യപ്പെട്ടത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ ന്യൂനപക്ഷ ക്ഷേമമന്ത്രാലയം ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടത്. ആഭ്യന്തരമന്ത്രാലയത്തിന്റെ കത്ത് ശനിയാഴ്ച ലഭിച്ചതായും റഹ്മാന്‍ ഖാന്‍ അറിയിച്ചു.

ഇത്തരം കേസുകളുടെ വിചാരണ നടപടികള്‍ വേഗം പൂര്‍ത്തിയാക്കും. നിരപരാധികള്‍ക്കെതിരെ കേസെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കും. നിരവധി നിരപരാധികള്‍ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തപ്പെട്ട് തടവില്‍ കഴിയുന്നതായി ആഭ്യന്തരമന്ത്രാലയത്തിന് അറിയാമെന്നും മന്ത്രി റഹ്മാന്‍ ഖാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.