ശ്രീനഗര്‍: കശ്മീരില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ദിനേശ്വര്‍ ശര്‍മ്മയുമായി ചര്‍ച്ചയ്ക്കില്ലെന്ന് വിഘടനവാദി നേതാക്കള്‍. ദൂതനെ അയച്ചത് തന്ത്രമാണെന്ന് വിഘടനാവാദി നേതാക്കളായ സയ്യിദ് അലിഷാ ഗീലാനി, മിര്‍വാഈസ് ഉമര്‍ ഫാറൂഖ്, മുഹമ്മദ് യാസീന്‍ മാലിക്ക് (ജോയന്റ് റെസിസ്റ്റന്‍സ് ലീഡര്‍ഷിപ്പ്) എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

കശ്മീരിലെ ജനങ്ങളെ സംബന്ധിച്ചിടുത്തോളം നിരര്‍ത്ഥകമായ നീക്കമാണ് സര്‍ക്കാരിന്റേതെന്നും പ്രസ്താവനയില്‍ പറയുന്നു. ചൊവ്വാഴ്ച ഗീലാനിയുടെ വീട്ടില്‍ വിഘടനവാദി നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സര്‍ക്കാര്‍ പ്രതിനിധിയുമായി ചര്‍ച്ച നടത്തുന്നില്ലെന്ന് പ്രഖ്യാപിച്ചത്.

ദിനേശ്വര്‍ ശര്‍മ്മ

ഇന്റലിജന്‍സ് ബ്യൂറോ മുന്‍ ഡയറക്ടറായ ശര്‍മ അസം, മണിപ്പുര്‍ സംസ്ഥാനങ്ങളിലെ പ്രശ്‌നപരിഹാരത്തിനായുള്ള മധ്യസ്ഥനായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു.

2010 യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ടൈംസ് ഓഫ് ഇന്ത്യ മുന്‍ എഡിറ്ററായിരുന്ന ദിലീപ് പഡ്‌ഗോണ്‍കറിന്റെ നേതൃത്വത്തില്‍ മൂന്നംഗ മധ്യസ്ഥ സംഘത്തെ നിയോഗിച്ചിരുന്നു.