മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരമവസാനിപ്പിച്ചു. റിസര്‍വ് ബാങ്കിന്റെ പണവായ്പാനയ അവലോകന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെ താഴേക്ക് പോയ സെന്‍സെക്‌സ് പിന്നീട് നില മെച്ചപ്പെടുത്തുകയായിരുന്നു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 315.58 കുതിച്ച് 17254.86 പോയന്റിലും നിഫ്റ്റി 93.25 പോയന്റ് കയറി 5191.60 പോയന്റിലുമാണ് ക്ലോസ് ചെയ്തത്.

സെന്‍സെക്‌സ് ഒരവസരത്തില്‍ 17,322.13 പോയന്റിലേക്കും നിഫ്റ്റി 5211.00 പോയന്റിലേക്കും ഉയര്‍ന്നിരുന്നു. പിന്നീട് റിസര്‍വ്വ് ബാങ്ക് പണവായ്പാനയ അവലോകന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ സെന്‍സെക്‌സ 16,900.26 പോയന്റിലേക്കും നിഫ്റ്റി 5085.55 പോയന്റിലേക്കും കൂപ്പ് കുത്തിയിരുന്നു. എന്നാല്‍ അടുത്ത വായ്പാ നയ അവലോകനത്തില്‍ നിരക്കുകള്‍ ഉയര്‍ത്താനുള്ള സാധ്യത വിരളമാണെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയതോടെയാണ് സൂചികകള്‍ തിരിച്ചു കയറി തുടങ്ങുകയായിരുന്നു.

സോഫ്റ്റ് വെയര്‍ എക്‌സ്‌പോര്‍ട്ടിങ്, ഐ.ടി മേഖലയിലെ ഓഹരികളുടെ മികച്ച പ്രകടനമാണ് ഇന്ത്യന്‍ ഓഹരി വിപണിയെ നേട്ടത്തിലേക്ക് നയിച്ചത്. ഏഷ്യന്‍ മാര്‍ക്കറ്റുകളിലെ മികച്ച പ്രകടനവും ഓഹരി വിപണിയെ നേട്ടത്തിലേക്ക് നയിച്ചു. മുന്‍നിര ഓഹരികളിായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, എന്‍.ടി.പി.സി, എല്‍ ആന്‍ഡ് ടി എന്നീ ഓഹരികളെല്ലാം നേട്ടത്തിലാണ് വ്യാപാരമവസാനിപ്പിച്ചത്.

ഐ.ടി.മേഖലയിലെ ഓഹരികള്‍ 2.66 ശതമാനവും ആട്ടോ മേഖലയിലെ ഓഹരികള്‍ 2.95ശതമാനവും മുന്നേറി. അതേസമയം റിസര്‍വ് ബാങ്ക് നിരക്കുകളില്‍ വര്‍ദ്ധനവ് വരുത്തിയത് ബാങ്കിങ് ഓഹരികെളെ ഏറെ ബാധിച്ചു. എച്ച്.ഡി.എഫ്.സി ബാങ്ക്, എസ്.ബി.ഐ, ആക്‌സിസ് ബാങ്ക്, പി.എന്‍.ബി എന്നീ ഓഹരികള്‍ 3.54.5 ശതമാനം നഷ്ടം നേരിട്ടു.