മുംബൈ: തിങ്കളാഴ്ച നഷ്ടത്തില്‍ വ്യാപാരമവസാനിപ്പിച്ച ഇന്ത്യന്‍ ഓഹരി വിപണി ചൊവ്വാഴ്ച നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 149.48 പോയന്റും നിഫ്റ്റി 47.10 പോയന്റുമാണ് ഉയര്‍ന്നത്. തിങ്കളാഴ്ച മുംബൈ ഓഹരി വിപണിയായ സെന്‍സെക്‌സ് 108.13 പോയന്റ് നഷ്ടത്തിലും ദേശീയ ഓഹരി വിപണിയായ നിഫ്റ്റി 22.80 പോയന്റ് നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തിരുന്നത്.

16713.33 പോയന്റില്‍ വ്യാപാരം തുടങ്ങിയ സെന്‍സെക്‌സ് 16862.81 പോയന്റിലും 5017.20 പോയന്റില്‍ വ്യാപാരമാരംഭിച്ച നിഫ്റ്റി 5064.30 പോയന്റിലും വ്യാപാരമവസാനിപ്പിച്ചു. യൂറോപ്യന്‍ വിപണികളിലുണ്ടായ ഉണര്‍വാണ് ഇന്ത്യന്‍ വിപണിയിലെ കുതിപ്പിനും നിമിത്തമായത്.

തിങ്കളാഴ്ച രണ്ട് ശതമാനത്തിലധികം നഷ്ടം നേരിട്ട മുന്‍ നിര ഓഹരികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസും ഇന്‍ഫോസിസും നേട്ടത്തില്‍ തിരിച്ചെത്തി. റിലയന്‍സ് ഓഹരികള്‍ 4.50 ശതമാനെ ഇയര്‍ന്നപ്പോള്‍ ഇന്‍ഫോസിസ് 1.75 ശതമാനം ഉയര്‍ന്നു.

എച്ച്.ഡി.എഫ്.സി, ഭാരതി, ഭെല്‍, ഐ.സി.ഐ.സി.ഐ ബാങ്ക്, ജിന്‍ഡാ സ്റ്റീല്‍, മഹീന്ദ്ര അന്റ് മഹീന്ദ്ര, മാരുതി സുസുക്കി, ടാറ്റാ മോട്ടോര്‍സ് എന്നിവ നേട്ടമുണ്ടാക്കിയപ്പോള്‍ ഡി.എല്‍ എഫ് നാല് ശതമാനം ഇടിവ് രേഖപ്പെടുത്തി.