മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ കനത്ത ഇടിവ്. സെന്‍സെക്‌സ് 704 പോയിന്റും നിഫ്റ്റി 209.60 പോയിന്റം ഇടിഞ്ഞു. ഒറ്റ ദിവസം കൊണ്ട് നാല് ശതമാനത്തിലേറെ നഷ്ടമാണ് ഓഹരി വിപണിയിലുണ്ടായത്. കഴിഞ്ഞ 26 മാസത്തെ ഏറ്റവും വലിയ താഴ്ചയാണിത്. ഡോളറിനെതിരെ രൂപയുടെ വിലയിടിഞ്ഞതും അമേരിക്കന്‍ വിപണിയടക്കമുള്ള ആഗോള വിപണികളെല്ലാം നഷ്ടത്തില്‍ കലാശിച്ചതുമാണ് ഇന്ത്യന്‍ ഓഹരി വിപണിക്ക ്തിരിച്ചടിയായത്.

16,827.85 എന്ന നിലയില്‍ വ്യാപാരം തുടങ്ങിയ സെന്‍സെക്‌സ് 16,361.15ലും 5,054.45ല്‍ തുടങ്ങിയ നിഫ്റ്റി 4,923.65ലും ക്ലോസ് ചെയ്തു. സെന്‍സെക്‌സ ്ഒരവസരത്തില്‍ 16,316.03 വരെയും നിഫ്റ്റി 4,907.75 വരെയും താഴ്ന്നിരുന്നു.

ഏറെക്കുറെ എല്ലാ മേഖലകളും നഷ്ടത്തിലാണ് അവസാനിച്ചത്. റിയല്‍ എസ്‌റ്റേറ്റ് മേഖലയിലാണ് ഏറ്റവുമധികം നഷ്ടം രേഖപ്പെടുത്തിത്. ലോഹം, എണ്ണവാതകം, ബാങ്കിങ്, വാഹനം, ഐടി, മൂലധന സാമഗ്രി മേഖലകള്‍ക്കും കനത്ത നഷ്ടം നേരിട്ടു.

അമേരിക്കന്‍ വിപണികളായ നാസ്ഡാക്കും ഡൗജോണ്‍സും രണ്ട് ശതമാനത്തിലേറെ നഷ്ടം രേഖപ്പെടുത്തിയപ്പോള്‍ യുകെയിലെ എഫ്ടിഎസ്ഇ100 നാല് ശതമാനം താഴേക്ക് പോയി. ഹോങ്കോംഗിലെ ഹാങ്‌സെങ് സൂചിക അഞ്ച് ശതമാനവും ചൈനയുടെ ഷാങ്ഹായ് സൂചിക 3 ശതമാനവും ജപ്പാന്റെ നിക്കി സൂചിക രണ്ട് ശതമാനവും ഇന്‍ഡോനേഷ്യന്‍ സൂചിക 8.88 ശതമാനവും ഇടിഞ്ഞു.

മുന്‍ നിര ഓഹരികളെല്ലാം നഷ്ടത്തിലാണ് വ്യാപാരമവസാനിപ്പിച്ചത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 6.16ശതമാനവും ഇന്‍ഫോസിസ് 3.28 ശതമാനവും ജയപ്രകാശ് അസോസിയേറ്റ്‌സിന്റെ ഓഹരി ഒമ്പതു ശതമാനം ഡിഎല്‍എഫിന്റേത് ഏഴ് ശതമാനവും താഴ്ന്നു. സ്‌റ്റെര്‍ലൈറ്റ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റാ മോട്ടോഴ്‌സ്, ഭാരതി എയര്‍ടെല്‍, ജിന്‍ഡാല്‍ സ്റ്റീല്‍, ടിസിഎസ്, ഹിന്‍ഡാല്‍കോ, എല്‍ ആന്‍ഡ് ടി, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എന്‍ടിപിസി, വിപ്രോ എന്നിവയ്ക്കും കനത്ത നഷ്ടമുണ്ടായി.