മുംബൈ: ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ത്യന്‍ ഓഹരി വിപണി വീണ്ടും നേട്ടത്തില്‍ തിരിച്ചെത്തി. കഴിഞ്ഞ ദിവസം 74.47 പോയന്റ് താഴ്ന്ന മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് വെള്ളിയാഴ്ച 198.77 പോയന്റ് നേട്ടത്തോടെ 17082.69 പോയന്റിലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 54.45 പോയന്റുയര്‍ന്ന് 5132.30 പോയന്റിലും വ്യാപാരമവസാനിപ്പിച്ചു.

16,836.83 പോയന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ് ഒരവസരത്തില്‍ 17,112.45 പോയന്റിലേക്കും 5057.35 പോയന്റില്‍ തുടങ്ങിയ നിഫ്റ്റി 5141.40 പോയന്റിലേക്കും ഉയര്‍ന്നു. വാഹന മേഖലയില്‍ ടാറ്റാ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍ കോര്‍പ്പറേഷന്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നീ ഓഹരികള്‍ മുന്നേറി. ഒട്ടുമിക്ക മുന്‍നിര ഓഹരികളും നേട്ടത്തിലാണ് വ്യാപാരമവസാനിപ്പിച്ചത്.

Subscribe Us:

ടി.സി.എസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഭാരതി എയര്‍ടെല്‍, വിപ്രോ, ഐ.ടി.സി, ഇന്‍ഫോസിസ്, ഐ.സി.ഐ.സി.ഐ ബാങ്ക്, ജിന്‍ഡാല്‍ സ്റ്റീല്‍ എന്നീ ഓഹരികള്‍ നേട്ടം രേഖപ്പെടുത്തി. റിലയന്‍സ് 2.36ശതമാനവും ഇന്‍ഫോസിസ് 1.83 ശതമാനവും ഉയര്‍ന്നു. ഐ.ടി മേഖലയിലെ ഓഹരികള്‍ 2.61 ശതമാനം മുന്നേറിയപ്പോള്‍ സാങ്കേതികമേഖലയിലെ ഓഹരികളും സമാന നേട്ടം കൈവരിച്ചു. ഓയില്‍ ആന്റ് ഗ്യാസ് മേഖല 1.53ശതമാനവും എഫ്.എം.സി.ജി മേഖല 1.09 ശതമാനവും മുന്നേറി.