മുംബൈ: പതിനഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ നിന്നും സെന്‍സെക്‌സ് 200 പോയന്റ് നേട്ടത്തോടെ വ്യാപാരമവസാനിപ്പിച്ചു. യൂറോപ്യന്‍ വിപണിയിലെ നേട്ടമാണ് ഇന്ത്യന്‍ ഓഹരി വിപണികളിലും ഉണര്‍വുണ്ടാക്കിയത്.

സെന്‍സെക്‌സ് 200.03 പോയന്റ് ഉയര്‍ന്ന് 16,341.7 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ സൂചികയായ നിഫ്റ്റിയും ഉയര്‍ച്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 53.15 പോയന്റ് ഉയര്‍ന്ന് 4,898.8 എന്ന നിലയില്‍ എത്തി. ഐടി, ബാങ്കിങ് എന്നീ മേഖലകളിലെ ഓഹരികള്‍ക്ക് തിരിച്ചടി നേരിട്ടപ്പോള്‍ മറ്റെല്ലാ മേഖലകളും നേട്ടത്തിലാണ് വ്യാപാരമവസാനിപ്പിച്ചത്.

സെന്‍സെക്‌സ് അധിഷ്ഠിത ഓഹരികളില്‍ ഡിഎല്‍എഫ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, ടിസിഎസ് എന്നിവ നഷ്ടത്തില്‍ വ്യാപാരമവസാനിച്ചപ്പോള്‍ ജയപ്രകാശ് അസോസിയേറ്റ്‌സ്, ഒഎന്‍ജിസി, വിപ്രോ, ടാറ്റാ പവര്‍, ബജാജ് ഓട്ടോ, ഹിന്‍ഡാല്‍കോ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റാ മോട്ടോഴ്‌സ് എന്നിവ മികച്ച മുന്നേറ്റം നടത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളില്‍ 3.43ശതമാനം വര്‍ദ്ധനവുണ്ടായപ്പോള്‍ ഒഎന്‍ജിസി 3.99 ശതമാനം വര്‍ദ്ധിച്ചു.