മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി വന്‍ നേട്ടത്തോടെ വ്യാപാരമവസാനിപ്പിച്ചു. കഴിഞ്ഞ മൂന്ന് വ്യാപാര ദിവസങ്ങളിലായി 500 പോയിന്റിലധികം ഉയര്‍ന്ന മുംബൈ ഓഹരി വിപണിയായ സെന്‍സെക്‌സ് 515.97 പോയന്റ്ുയര്‍ന്ന് 17804.80 പോയന്റിലും നിഫ്റ്റി 158.90 പോയന്റ് നേട്ടത്തോടെ 5360.70 പോയന്റിലും ക്ലോസ് ചെയ്തു. രണ്ട് മാസത്തെ ഏറ്റവും ഉയര്‍ന്നനേട്ടത്തിലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്.

യൂറോപ്യന്‍ രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായുള്ള യൂറോസോണ്‍ സാമ്പത്തിക പാക്കേജിന് യൂറോപ്യന്‍ രാജ്യങ്ങള്‍ അനുമതി നല്‍കിയതിനെതുടര്‍ന്ന്് ആഗോള സാമ്പത്തിക വിപണിയിലുണ്ടായ നേട്ടമാണ് ഇന്ത്യന്‍ സൂചികകള്‍ക്കും കരുത്തായത്. ഫ്രഞ്ച് സൂചികയായ സി.എ.സി, ജര്‍മനിയുടെ ഡാക്‌സ്, ബ്രിട്ടീഷ് സൂചികയായ എഫ്.ടി.എസ്.ഇ എന്നിവയെല്ലാം മുന്നേറി.

Subscribe Us:

ബാങ്കിങ്, വാഹന, മൂലധന വസ്തു, ഊര്‍ജ്ജ, എണ്ണപ്രകൃതി വാതക മേഖലകളിലെ ഓഹരികളാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 17,671.86 പോയന്റില്‍ തുടങ്ങിയ സെന്‍സെക്‌സ് ഒരവസരത്തില്‍ 17,908.13 പോയന്റ് വരെയും 5341.90 പോയന്റില്‍ തുടങ്ങിയ നിഫ്റ്റി 5399.70 വരെയും മുന്നേറിയിരുന്നു. മെറ്റല്‍, റിയാലിറ്റി, ബാങ്കിങ് മേഖലകളിലെ ഓഹരികള്‍ 6.34 ശതമാനം മുന്നേറി. സെന്‍സെക്‌സിലെ മുന്‍ നിര ഓഹരികളില്‍ റിലയന്‍സിന്റേത് 2.82 ശതമാനവും ഇന്‍ഫോസിസിന്റേത് 0.74 ശതമാനവും ഉയര്‍ന്നു.

നിഫ്റ്റിയില്‍ രജിസ്റ്റര്‍ ചെയ്ത മുപ്പത് കമ്പനികളില്‍ ഭാരതി എയര്‍ടെല്‍, ബജാജ് ആട്ടോ, മാരുതി സുസുക്കി എന്നിവയടക്കം 27 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരമവസാനിപ്പിച്ചത്. മുന്‍നിര ഓഹരികളില്‍ ഹിന്‍ഡാല്‍ക്കോ ഓഹരികള്‍ 11.31 ശതമാനം മുന്നേറി. ഡി.എല്‍.എഫ്, റിലയന്‍സ് ഇന്‍ഫ്ര, സ്റ്റര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, ജയപ്രകാശ് അസോസിയേറ്റ്‌സ് എന്നിവ ഏഴു ശതമാനത്തിലധികം നേട്ടം രേഖപ്പെടുത്തി.