മുംബൈ: ഓഹരി വിപണി വീണ്ടും നഷ്ടത്തില്‍ തന്നെ വ്യാപാരമവസാനിപ്പിച്ചു. സെന്‍സെക്‌സ് 328.12 പോയന്റ് നഷ്ടത്തോടെ 16141.67 പോയന്റിലും നിഫ്റ്റി 98പോയന്റ് താഴ്ന്ന് 4846 പോയന്റിലും വ്യാപാരമവസാനിപ്പിച്ചു.

ഒരുഘട്ടത്തില്‍ കഴിഞ്ഞ പതിനഞ്ച് മാസത്തിലാദ്യമായി സെന്‍സെക്‌സ് 16000 പോയന്റിന് താഴെയെത്തിയിരുന്നു. പിന്നീട് നില അല്‍പ്പം മെച്ചപ്പെടുത്തുകയായിരുന്നു. എല്ലാ സെക്ടറുകളും ഇടിവുണ്ടായി. എന്നാല്‍ ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത് ഐ.ടി ഓഹരികള്‍ക്കാണ്.

അമേരിക്കന്‍ യൂറോപ്യന്‍ വിപണികളിലും ഇടിവ് ദൃശ്യമായി. യൂറോപ്യന്‍ വിപണികള്‍ രണ്ടുവര്‍ഷത്തെ താഴ്ചയിലാണ് വ്യാപാരം നടത്തുന്നത്. ആഗോളസാമ്പത്തിക രംഗത്ത് നിന്നുള്ള അശുഭകരമായ വാര്‍ത്തകളും റിസര്‍വ് ബാങ്ക് പലിശനിരക്ക് ഉയര്‍ത്തിയതും പണപെരുപ്പ് നിരക്ക് ഒന്‍പത് പോയന്റില്‍ തന്നെ തുടരുന്നതുമാണ് സെന്‍സെക്‌സിലെ തിരിച്ചടിക്ക് കാരണം.

ഇന്ത്യന്‍ സൂചികകളില്‍ മുന്‍നിര ഓഹരികളിലൊന്നായ റിലയന്‍സിനാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്.റിലയന്‍സിന്റെ ഓഹരി 1.18 ശതമാനം കുറഞ്ഞ് 731.20ലെത്തിയപ്പോള്‍ ഇന്‍ഫോസിസിന്റെ ഓഹരി 5.79ശതമാനം കുറഞ്ഞ് 2,225.40ലെത്തി.

കഴിഞ്ഞ നവംബര്‍ 2009ന് ശേഷം ഇന്‍ഫോസിസിന് നേരിടുന്ന കനത്ത തിരിച്ചടിയാണിത്. യൂറോപ്യന്‍ വിപണികള്‍ നഷ്ടത്തിലേക്ക് വഴുതിയതാണ് ഇന്ത്യന്‍ സൂചികകളെയും നഷ്ടത്തിലേക്ക് നയിച്ചത്.