മുംബൈ: ഓഹരി വിപണി വീണ്ടും നഷ്ടത്തില്‍ വ്യാപാരമവസാനിപ്പിച്ചു. സെന്‍സെക്‌സ് 371 പോയന്റ് നഷ്ടത്തോടെ 16469.78 പോയന്റിലും നിഫ്റ്റി 112.45പോയന്റ് താഴ്ന്ന് 4,944.15പോയന്റിലും വ്യാപാരമവസാനിപ്പിച്ചു.

തുടക്കത്തില്‍ ഉയര്‍ച്ചയുടെ ലക്ഷണങ്ങള്‍ കാണിച്ചതിന് ശേഷമാണ് സെന്‍സെക്‌സ് കഴിഞ്ഞ 15 മാസത്തെ ഏറ്റവും താഴ്ന്ന് നിരക്കില്‍ വ്യാപാരം അവസാനിപ്പിച്ചത്. ആഗോളസാമ്പത്തിക രംഗത്ത് നിന്നുള്ള അശുഭകരമായ വാര്‍ത്തകളും റിസര്‍വ് ബാങ്ക് പലിശനിരക്ക് ഉയര്‍ത്തിയതും പണപെരുപ്പ് നിരക്ക് ഒന്‍പത് പോയന്റില്‍ തന്നെ തുടരുന്നതുമാണ് സെന്‍സെക്‌സിലെ തിരിച്ചടിക്ക് കാരണം.

ഐ.ടി, റിയാലിറ്റി, മെറ്റല്‍, ബാങ്കിംഗ് ഓഹരികള്‍ക്ക് തിരിച്ചടി നേരിട്ടു. ഇന്ത്യന്‍ സൂചികകളില്‍ മുന്‍നിര ഓഹരികളിലൊന്നായ റിലയന്‍സിനാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്.റിലയന്‍സിന്റെ ഓഹരി 1.97 ശതമാനം കുറഞ്ഞ് 739.95 ലെത്തിയപ്പോള്‍ ഇന്‍ഫോസിസിന്റെ ഓഹരി 3.56 ശതമാനം കുറഞ്ഞ് 2,362.05ലെത്തി. യൂറോപ്യന്‍ വിപണികള്‍ നഷ്ടത്തിലേക്ക് വഴുതിയതാണ് ഇന്ത്യന്‍ സൂചികകളെയും നഷ്ടത്തിലേക്ക് നയിച്ചത്.

പലിശനിരക്കില്‍ ഇനിയും വര്‍ധനവ് ഉണ്ടാവുമോയെന്ന ഭയമാണ് ബാങ്കിംഗ് ഓഹരികള്‍ക്ക ്തിരിച്ചടിയായത്. ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രൈവറ്റ് ബാങ്കായ ഐ.സി.ഐ.സി.ഐ ബാങ്കിനാണ് കനത്ത നഷ്ടം നേരിട്ടത്. ആറ് മാസത്തെ ഏറ്റവുമ വലിയ നഷ്ടം രേഖപ്പെടുത്തി 5.03 ശതമാനം കുറഞ്ഞ് 864.75 പോയന്റിലാണ് വ്യാപാരമവസാനിപ്പിച്ചത്. എസ്.ബി.ഐ 4.47ശതമാനം കുറവ് രേഖപ്പെടുത്തി 2,077.55ലെത്തി.