മുംബൈ: തുടര്‍ച്ചയായ രണ്ട് ദിവസത്തെ നേട്ടത്തിന് ശേഷം ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരമവസാനിപ്പിച്ചു. മുബൈ ഓഹരി വിപണിയും(സെന്‍സെക്‌സ്), ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും നഷ്ടത്തിലാണ് ബുധനാഴ്ച വ്യാപാരമവസാനിപ്പിച്ചത്.

16,498.47 പോയന്റില്‍ വ്യാപാരം തുടങ്ങിയ സെന്‍സെക്‌സ് 213.49 പോയന്റ് താഴ്ന്നാണ് 16,284.98ല്‍ വ്യാപാരമവസാനിപ്പിച്ചത്. രണ്ട് ദിവസങ്ങളിലായി 357 പോയന്റ് ഉയര്‍ന്ന സൂചികയാണ് വ്യാഴാഴ്ച 213.49 പോയന്റ് താഴ്ന്നത്. ബാങ്കിംഗ്, ഓട്ടോ, മെറ്റല്‍ ,കാപിറ്റല്‍ ഗുഡ്‌സ്, ടെക്‌നോളജി, മേഖലയിലെ ഓഹരികള്‍ വില്പന സമ്മര്‍ദത്തിലായതാണ് സൂചികകളുടെ നഷ്ടത്തില്‍ പ്രതിഫലിച്ചത്. ഉയരുന്ന പണപ്പെരുപ്പത്തെ നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി റിസര്‍വ്വ് ബാങ്ക് പലിശ നിരത്ത് ഉയര്‍ത്തിയേക്കുമെന്ന വാര്‍ത്ത ബാങ്കിംഗ് സൂചികകളെ പിറകോട്ടടിച്ചു.

4,948.90പോയന്റില്‍ വ്യാപാരം തുടങ്ങിയ ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 60 പോയിന്റ് നഷ്ടത്തോടെ 4888.90ലും ക്ലോസ് ചെയ്തു.രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ് വെയര്‍ കയറ്റുമതി കമ്പനിയായ ടിസിഎസിന്റെ ഓഹരി വില1.72ശതമാനം താഴ്ന്ന് 962.75ലും ഇന്‍ഫോസിസിന്റെ ഓഹരി 1.06ശതമാനം താഴ്ന്ന് 2,249.05ലുംക്ലോസ് ചെയ്തു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളില്‍ 0.60ശതമാനവും വിപ്രോ1.05 ശതമാനവും താഴ്ന്നു. മറ്റ് മുന്‍നിര ഓഹരികളായ എസ്.ബി.ഐ., ടാറ്റാ സ്റ്റീല്‍, ടാറ്റാ മോട്ടോഴ്‌സ്, മാരുതി, ജെ.എസ്.പി.എല്‍., ബജാജ് ഓട്ടോ, ആക്‌സിസ് ബാങ്ക്, എച്ച്.സി.എല്‍. ടെക് എന്നീ ഓഹരികളിലും ഇടിവുണ്ടായി.