മുംബൈ: ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരമവസാനിപ്പിച്ചു. മുംബൈ ഓഹരി വിപണിയായ സെന്‍സെക്‌സ് 148.45 പോയന്റ് നഷ്ടത്തോടെ 16936.89 പോയന്റിലും ദേശീയ ഓഹരി വിപണിയായ നിഫ്റ്റി 47.25 പോയന്റ് താഴ്ന്ന് 5091.90 പോയന്റിലുമാണ് ക്ലോസ് ചെയ്തത്.

16,911.85 പോയന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ് ഒരവസരത്തില്‍ 16,744.99 പോയന്റിലേക്കും 5086.55 പോയന്റില്‍ തുടങ്ങിയ നിഫ്റ്റി 5033.95 പോയന്റിലേക്കും താഴ്ന്നിരുന്നു.

Subscribe Us:

ഒക്ടോബര്‍ എട്ടിനവസാനിച്ച ആഴ്ചയില്‍ ഭക്ഷ്യവിലപെരുപ്പം ഇരട്ടസംഖ്യ തൊട്ടതും ചൊവ്വാഴ്ച നടക്കുന്ന അവലേകന യോഗത്തില്‍ റിസര്‍വ്വ് ബാങ്ക് പലിശ നിരക്ക് വീണ്ടുമുയര്‍ത്തിയേക്കാം എന്ന ഊഹോപോഹവുമാണ് വിപണിക്ക് തിരിച്ചടിയായത്. ഉയരുന്ന പണപെരുപ്പം പിടിച്ച് നിര്‍ത്തുന്നതിനായി കഴിഞ്ഞ മാര്‍ച്ച് 2010ന് ശേഷം പന്ത്രണ്ട് തവണയാണ് റിസര്‍വ്വ് ബാങ്ക് പലിശനിരക്ക് ഉയര്‍ത്തിയത്. ഏഷ്യന്‍, യൂറോപ്യന്‍ വിപണികളിലെ മോഷം പ്രകടനവും ഇന്ത്യന്‍ വിപണിക്ക് തിരിച്ചടിയായി.

സെന്‍സെക്‌സ് അധിഷ്ഠിത ഓഹരികളില്‍ 22എണ്ണം നഷ്ടത്തില്‍ അവസാനിച്ചപ്പോള്‍ എട്ടെണ്ണം മാത്രമാണ് നേട്ടത്തില്‍ ക്ലാസ് ചെയ്തത്. എണ്ണപ്രകൃതിവാതക, മൂലധന വസ്തു, ധനകാര്യ, കെട്ടിട നിര്‍മാണ, സാങ്കേതിക, വാഹന മേഖലകളിലെ ഓഹരികളാണ് കൂടുതല്‍ നഷ്ടം നേരിട്ടത്.

റിയാലിറ്റി സെക്ടറാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. റിയാലിറ്റി മേഖല 2.04 ശതമാനം താഴ്ന്നപ്പോള്‍ ആട്ടോ മേഖല 1.50 ശതമാനവും ബാങ്കിങ് മേഖല 0.86 ശതമാനവും താഴ്ന്നു. ഐ.സി.സി.ഐ ബാങ്ക് സൂചിക 2.89 ശതമാനവും എച്ച്.ഡി.എഫ്.സി സൂചിക 0.33 ശതമാനവും താഴ്ന്നു.