മുംബൈ: തിങ്കളാഴ്ച ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. മുംബൈ ഓഹരി വിപണിയായ സെന്‍സെക്‌സ് 108.13 പോയന്റ് നഷ്ടത്തിലും ദേശീയ ഓഹരി വിപണിയായ നിഫ്റ്റി 22.80 പോയന്റ് നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

റിഫൈനറി, ഐ.ടി.ഹെല്‍ത്ത് കെയര്‍ മേഖലയിലെ ഓഹരികള്‍ക്കാണ് തിരിച്ചടി നേരിട്ടത്. 16,678.34 പോയന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ്16713.33 പോയന്റിലും നിഫ്റ്റി 22.80 പോയന്റിന്റെ നേരിയ ഇടിവോടെ 5017.20 പോയന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

സെന്‍സെക്‌സ് ഒരവസരത്തില്‍ 16,561.46 പോയന്റിലേക്കും നിഫ്റ്റി 4964.45ലേക്കും താഴ്ന്നിരുന്നു. തുടക്കത്തിലെ നഷ്ടത്തില്‍ ചെറുതായി കരകയറിയെങ്കിലും സൂചികകള്‍ക്ക് നേട്ടത്തിലെത്താന്‍ കഴിഞ്ഞില്ല.
മുന്‍ നിര ഓഹരികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെയും ഇന്‍ഫോസിസിന്റയും ഓഹരികള്‍ യഥാക്രമം 2.05 ശതമാനവും 2.23 ശതമാനവും ഇടിവുണ്ടായി. ഒ.എന്‍.ജി.സി ഓഹരികള്‍ 3 ശതമാനത്തോളം താഴ്ന്നു.

വിപ്രോ ഓഹരി വില നാല് ശതമാനത്തോളം താഴ്ന്നു. എന്‍.ടി.പി.സി, എച്ച്.ഡി.എഫ്.സി, ഭാരതി, ഭെല്‍, എച്ച്.ഡി.എഫ്.സി ബാങ്ക്, സ്റ്റര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ് എന്നീ ഓഹരികള്‍ 1.3 ശതമാനം നഷ്ടം നേരിട്ടു. യുറോപ്പിലെയും അമേരിക്കയിലെയും സാമ്പത്തിക പ്രതിസന്ധികള്‍ ഐ.ടി ഓഹരികള്‍ക്ക തിരിച്ചടിയായപ്പോള്‍ റിസര്‍വ്വ് ബാങ്ക് നിരക്ക്് വര്‍ധിപ്പിക്കുമെന്ന ഭീതി ബാങ്കിംങ്ങ് സെക്ടറുകളെയും ബാധിച്ചു. ആഗസ്റ്റ് 29ന് അവസാനിച്ച ആഴ്ച ഭക്ഷ്യ വില സൂചിക രണ്ടക്കം തൊട്ടതും വിപണിയെ ദോഷകരമായി ബാധിച്ചു