മുംബൈ: കഴിഞ്ഞ നാല് ദിവസമായി നേട്ടത്തില്‍ വ്യാപാരമവസാനിപ്പിച്ച ഇന്ത്യന്‍ ഓഹരി വിപണി തിങ്കളാഴ്ച നഷ്ടത്തില്‍ ക്ലോസ് ചെയ്തു. കഴിഞ്ഞ നാല് വ്യാപാര ദിവസങ്ങളിലായി 1,016 പോയന്റുയര്‍ന്ന് മുംബൈ ഓഹരി വിപണിയായ സെന്‍സെക്‌സ് 99.79 പോയന്റ് നഷ്ടത്തോടെ 17,705.01 പോയന്റിലും നിഫ്റ്റി 34 പോയ്ന്റ് നഷ്ടത്തോടെ 5326 പോയന്റിലും ക്ലോസ് ചെയ്തു.

17,806.21 പോയന്റില്‍ തുടങ്ങിയ സെന്‍സെക്‌സ് ഒരവസരത്തില്‍ 17,813.11 പോയന്റിലേക്കും 5358.90 പോയന്റില്‍ തുടങ്ങിയ നിഫ്റ്റി 5,360.25 പോയന്റിലേക്കും ഉയര്‍ന്നിരുന്നു. 30 സെന്‍സെക്‌സ് അധിഷ്ഠിത ഓഹരികളില്‍ 22എണ്ണം നഷ്ടത്തില്‍ വ്യാപാരമസാനിച്ചപ്പോള്‍ എഴെണ്ണത്തിനു മാത്രമാണ് നേട്ടത്തില്‍ വ്യാപാരമവസാനിപ്പിക്കാന്‍ കഴിഞ്ഞത്. എണ്ണ പ്രകൃതി വാതക മേഖലകളിലെ ഓഹരികള്‍ക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്.

2.09 ശതമാനം. റിലയന്‍സിന്റെ സൂചിക 2.26 ശതമാനവും ഒ.എന്‍.ജി.സിയുടേത് 1.97ശതമാനവും താഴ്ന്നു. ലോഹ മേഖലയില്‍ 2.09 ശതമാനവും വാഹന മേഖലയില്‍ 0.98 ശതമാനവും ഇടിവ് രേഖപ്പെടുത്തി. ടാറ്റോ മോട്ടോഴ്‌സിന്റേത് 3.76 ശതമാനവും ബജാജിന്റേത് 1.21 ശതമാനവും താഴ്ന്നു. ഏഷ്യന്‍ വിപണികളിലും യൂറോപ്യന്‍ വിപണികളിലുമുണ്ടായ ഇടിവാണ് ഇന്ത്യന്‍ വിപണിയെയും ബാധിച്ചത്.

ഏഷ്യന്‍ വിപണിയില്‍ ഹാങ്‌സെങ് 0.7 ശതമാനവും സ്‌ട്രെയിറ്റ് ടൈംസ് ഒരു ശതമാനത്തിലധികവും താഴ്ന്നു. യൂറോപ്യന്‍ വിപണികളില്‍ സി.എ.സി, ഡാക്‌സ് എന്നിവ 1.52 ശതമാനവും എഫ്.ടി.എസ്.ഇ ഒരു ശതമാനവും നഷ്ടം രേഖപ്പെടുത്തി.