മുംബൈ: തുടക്കത്തിലെ നേട്ടം നിലനിര്‍ത്താനാവാതെ ഇന്ത്യന്‍ ഓഹരി വിപണി നേരിയ നഷ്ടത്തില്‍ വ്യാപാരമവസാനിപ്പിച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 74.47 പോയന്റ് താഴ്ന്ന് 16883.92 പോയന്റിലും നിഫ്റ്റി 21.55 പോയന്റ് താഴ്ന്ന് 5077.85 പോയന്റിലും വ്യാപാരമവസാനിപ്പിച്ചു.

17,048.00 പോയന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ് ഒരവസരത്തില്‍ 16,864.84 പോയന്റിലേക്കും 5130.80 പോയന്റില്‍ തുടങ്ങിയ നിഫ്റ്റി 5067.65 പോയന്റിലേക്കും താഴ്ന്നിരുന്നു. പിന്നീട് നില അല്‍പ്പം മെച്ചപ്പെടുത്തി വ്യാപാരമവസാനിപ്പിക്കുകയായിരുന്നു.

ഏഷ്യന്‍, യൂറോപ്യന്‍ വിപണികളിലുണ്ടായ ഇടിവാണ് ഇന്ത്യന്‍ സുചികകളെ നഷ്ടത്തിലേക്ക് വീഴ്ത്തിയത്. ആട്ടോ, ക്യാപിറ്റല്‍ ഗുഡ്‌സ്, ഹെല്‍ത്ത് കെയര്‍, എണ്ണപ്രകൃതി വാത മേഖലകളിലെ ഓഹരികളുടെ നഷ്ടവും ് ഇന്ത്യന്‍ സൂചികകളെ നഷ്ടത്തിലേക്ക് തള്ളി. മുന്‍നിര ഓഹരികളായ ഐ.ഡി.എഫ്.സി, ബി.പി.സി.എല്‍, റാന്‍ബാക്‌സി ലാബ്‌സ്, മാരുതി സുസുക്കി, കോള്‍ ഇന്ത്യ, ജിന്‍ഡാല്‍ സ്റ്റീല്‍, ടാറ്റാ പവര്‍, ടാറ്റാ മോട്ടോഴ്‌സ് എന്നിവയെല്ലാം നഷ്ടത്തിലാണ് വ്യാപാരമവസാനിപ്പിച്ചത്.