മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തോടെ വ്യാപാരമവസാനിപ്പിച്ചു. ആഗസ്റ്റ് 20ന് അവസാനിച്ച ആഴ്ചയില്‍ ഭക്ഷ്യ വിലസൂചിക രണ്ടക്കത്തിലെത്തിയതും ആഗോളതലത്തിലുണ്ടായിട്ടുള്ള സാമ്പത്തിക പ്രതിസന്ധിയും വിപണിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ വെള്ളിയാഴ്ച സെന്‍സെക്‌സ് രണ്ടാഴ്ചയിലെ ഏറ്റവും ഉയര്‍ന്ന പോയന്റായ 16821.46ല്‍ വ്യാപാരമവസാനിപ്പിക്കുകയാണുണ്ടായത്.

മുംബൈ ഓഹരി വിപണിയായ സെന്‍സെക്‌സ് 144.71 പോയന്റ് നേട്ടത്തോടെ 16821.46 പോയന്റിലും ദേശീയ ഓഹരി വിപണിയായ നിഫ്റ്റി 39.00 പോയന്റ് നേട്ടത്തോടെ 5040.00 പോയന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഓഹരി വിപണി വെള്ളിയാഴ്ച വീണ്ടും സജീവമായപ്പോള്‍ ലോഹ, വാഹന, സിമന്റ്, ഹെല്‍ത്ത് കെയര്‍, ടെലികോം, ബാങ്കിങ് മേഖലകളിലെ ഓഹരികള്‍ നേട്ടം കൈവരിച്ചപ്പോള്‍ ഊര്‍ജ, സാങ്കേതിക, മൂലധന വസ്തു മേഖലയിലെ ഓഹരികള്‍ക്ക് നഷ്ടം നേരിട്ടു.

ഈദുല്‍ ഫിതറിനെയും ഗണേഷ ചതുര്‍ത്ഥിയെയും തുടര്‍ന്നാണ് ഓഹരി വിപണിക്ക് രണ്ട് ദിവസം അവധിയായത്. ചൊവ്വാഴ്ച രണ്ട് സെക്ഷനുകളിലായി 828 പോയന്റ് ഉയര്‍ന്നിരുന്നു. സെന്‍സെക്‌സ് ഒര് ഘട്ടത്തില്‍ 16,989.86 പോയന്റിലേക്കും നിഫ്റ്റി 5113.70ലേക്കും ഉയര്‍ന്നതിന് ശേഷമാണ് യഥാക്രമം 16821.46 പോയന്റിലും 5040.00 പോയന്റിലും വ്യാപാരം അവസാനിപ്പിച്ചത്.