മുംബൈ: തുടക്കത്തിലെ നേട്ടം നിലനിര്‍ത്താനാവാതെ ഇന്ത്യന്‍ ഓഹരി വിപണി വീണ്ടും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 34.30 പോയന്റ് നഷ്ടത്തിലും നിഫ്റ്റി 5.85 പോയന്റ് നഷ്ടത്തോടെയുമാണ് ചൊവ്വാഴ്ച വ്യാപാരമവസാനിപ്പിച്ചത്.

യൂറോപ്യന്‍ വിപണിയിലെ തകര്‍ച്ചയാണ് ഇന്ത്യന്‍ വിപണിക്കും ദോഷമായി ഭവിച്ചത്. യൂറോപ്യന്‍ വിപണി രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ചൊവ്വാഴ്ച ക്ലോസ് ചെയ്തത്. യൂറോപ്യന്‍ മേഖലയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഭരണകൂടങ്ങള്‍ മാര്‍ഗ്ഗമൊന്നും കാണാത്തതും വിപണിയില്‍ ആശങ്ക പടര്‍ത്തി. കൂടാതെ റിസര്‍വ്വ് ബാങ്ക് നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന ആശങ്കയും വിപണിയിലെ തിരിച്ചടിക്ക് കാരണമായി.

16,618.17 പോയന്റില്‍ വ്യപാരമാരംഭിച്ച സെന്‍സെക്16467.44 പോയന്റിലും 4977.80 പോയന്റില്‍ തുടങ്ങിയ നിഫ്റ്റി 4940.95 പോയന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്. ധനകാര്യ, എണ്ണവാതക, മൂലധന വസ്തു, വാഹന മേഖലകളിലെ ഓഹരികളിലെ നഷ്ടമാണ് പ്രധാനമായും സൂചികകള്‍ക്ക് തിരിച്ചടിയായത്.

തുടക്കത്തില്‍ സെന്‍സെക്‌സ് 265 പോയന്റുയര്‍ന്ന് 16,776.19ലും നിഫ്റ്റി 5,030.15 പോയന്റിലും എത്തിച്ചേര്‍ന്നതിന് ശേഷമാണ് വീണ്ടും നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയത്. മുന്‍നിര ഓഹരികളില്‍ എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ ബാങ്ക, എച്ച്.ഡി.എഫ്.സി, ടാറ്റാ മോട്ടോഴ്‌സ്,കോള്‍ ഇന്ത്യ, ഒ.എന്‍.ജി.സി എന്നിവയും നഷ്ടം രേഖപ്പെടുത്തി.