മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. മുംബൈ ഓഹരി വിപണിയായ സെന്‍സെക്‌സ് 276.80 പോയന്റ് നഷ്ടത്തോടെ 16748.29 പോയന്റിലും നിഫ്റ്റി 80.75 പോയന്റ് നഷ്ടത്തോടെ 5037.50 പോയന്റിലും വ്യാപാരം അവസാനിപ്പിച്ചു.

16,817.38 പോയന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ് ഒരവസരത്തില്‍ 16,669.04 പോയന്റിലേക്കും 5049.45 പോയന്റില്‍ തുടങ്ങിയ നിഫ്റ്റി 5011.05 പോയന്റിലേക്കും താഴ്ന്നിരുന്നു. സാങ്കേതിക, ബാങ്കിങ്, ലോഹ, എണ്ണപ്രകൃതി വാതക മേഖലകളിലെ ഓഹരികളുടെ നഷ്ടമാണ് സൂചികകള്‍ക്ക് തിരിച്ചടിയായത്.

ആഗോള ഓഹരി വിപണിയിലുണ്ടായ നഷ്ടവും ഇന്ത്യന്‍ ഓഹരി വിപണിയെ ബാധിച്ചു. ഫ്രഞ്ച് സൂചികയായ സി.എ.സി, ബ്രിട്ടീഷ് സൂചികയായ എഫ്.ടി.എസ്.ഇ എന്നിവ ഒരു ശതമാനം താഴ്ന്നു. ജര്‍മന്‍ സൂചികയായ ഡാക്‌സ് 0.2 ശതമാനവും നഷ്ടം നേരിട്ടു. സാങ്കേതി മേഖലയില്‍ ടി.സി.എസ്, എച്ച്.സി.എല്‍ ടെക്ക് ഓഹരികളാണ് കൂടുതല്‍ നഷ്ടം നേരിട്ടത്.

ഇരു ഓഹരികളും ഒരവസരത്തില്‍ 8 ശതമാനത്തിലധികം താഴ്ന്നു. മറ്റ് മുന്‍നിര ഓഹരികളില്‍ ടി.സി.എസ്, എച്ച്.സി.എല്‍ ടെക്ക്, ഒ.എന്‍.ജി.സി, ഐ.സി.ഐ.സി.ഐ ബാങ്ക്, വിപ്രോ, എസ്.ബി.ഐ, ഭാരതി, ഇന്‍ഫോസിസ്, എല്‍ ആന്‍ഡ് ടി എന്നിവക്കെല്ലാം നഷ്ടം നേരിട്ടു.