മുംബൈ: രണ്ട് ദിവസത്തെ നേട്ടത്തിന് ശേഷം ഇന്ത്യന്‍ ഓഹരി വിപണി ചൊവ്വാഴ്ച നേരിയ നഷ്ടത്തില്‍ വ്യാപാരമവസാനിപ്പിച്ചു. തുടക്കത്തിലെ നേട്ടം നിലനിര്‍ത്താനാവാതെയാണ് വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 20.76 പോയന്റ് നഷ്ടത്തോടെ 16536.47 പോയന്റിലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 5.25 പോയന്റ് താഴ്ന്ന് 4974.35 പോയന്റിലും വ്യാപാരമവസാനിപ്പിച്ചു.

16,668.15 പോയന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ് ഒരവസരത്തില്‍ 16,510.71 പോയന്റിലേക്കും 5019.90 പോയന്റില്‍ തുടങ്ങിയ നിഫ്റ്റി 4964.00 പോയന്റിലേക്കും താഴ്ന്നു. കഴിഞ്ഞ രണ്ട് വ്യാപാര ദിവസങ്ങളിലായി 765 പോയന്റുയര്‍ന്ന സെന്‍സെക്‌സ് ഒരവസരത്തില്‍ 16,774.12 പോയന്റിലേക്കും നിഫ്റ്റി 5019.90 പോയന്റിലേക്കും മുന്നേറിയിരുന്നു.

Subscribe Us:

സാങ്കേതിക, എണ്ണപ്രകൃതി വാത മേഖലകളിലെ ഓഹരികളുടെ നഷ്ടവും യൂറോപ്യന്‍ വിപണികള്‍ താഴേക്ക് പോയതുമാണ് ഇന്ത്യന്‍ സൂചികകളെ നഷ്ടത്തിലേക്ക് തള്ളിയത്. മുന്‍ നിര ഓഹരികളില്‍ ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ എന്നിവക്ക് നഷ്ടം നേരിട്ടു. ഇന്‍ഫോസിസ് 3 ശതമാനവും ടിസിഎസ്, വിപ്രോ, എച്ച്.സി.എല്‍ ടെക്ക് എന്നിവ 12.5 ശതമാനവും നഷ്ടം നേരിട്ടു. ഒ.എന്‍.ജി.സി ഓഹരികള്‍ 2 ശതമാനവും ഐ.സി.ഐ.സി.ഐ ബാങ്ക്, ഭെല്‍, എച്ച്.യു.എല്‍, സ്റ്റര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ് എന്നീ ഓഹരികള്‍ 11.5 ശതമാനം നഷ്ടത്തിലായി.

അതേസമയം, എന്‍.ടി.പി.സി, ഭാരതി എയര്‍ടെല്‍, ടാറ്റാ മോട്ടോഴ്‌സ്, എല്‍ ആന്‍ഡ് ടി, എന്നിവ 3.4 ശതമാനം മുന്നേറി. എല്‍ ആന്‍ഡ് ടി, സെയില്‍, ജെ.എസ്.പി.എല്‍, സണ്‍ ഫാര്‍മ, പി.എന്‍.ബി, ഹിന്‍ഡാല്‍ക്കോ എന്നീ ഓഹരികളും നേട്ടം രേഖപ്പെടുത്തി.