ന്യൂദല്‍ഹി: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു. കഴിഞ്ഞ രണ്ട് വ്യാപാര ദിവസങ്ങളിലായി 904 പോയന്റോളം താഴ്ന്ന സെന്‍സെക്‌സ് ഒരവസരത്തില്‍ 16,000പോയന്റിലും താഴേക്ക് പോയിരുന്നു. പിന്നീട് നില മെച്ചപ്പെടുത്തി 16,000ത്തിന് മുകളില്‍ വ്യാപാരമവസാനിപ്പിച്ചു. നിഫ്റ്റിയും നഷ്ടത്തിലാണ് വ്യാപാരമവസാനിപ്പിച്ചത്.

മുംബൈ ഓഹരി വിപണിയായ സെന്‍സെക്‌സ് 110.96 പോയന്റിന്റെ നഷ്ടവുമായി 16,051.10ലും ദേശീയ ഓഹരി വിപണിയായ നിഫ്റ്റി 32.35 പോയന്റ് നഷ്ടത്തോടെ 4,835.40ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി ഒരവസരത്തില്‍ 4,758.85 വരെ താഴ്ന്നിരുന്നു.  യൂറോപ്യന്‍ വിപണിയടക്കമുള്ള ആഗോള വിപണികളെല്ലാം നഷ്ടത്തില്‍ കലാശിച്ചതാണ് ഇന്ത്യന്‍ ഓഹരി വിപണിക്ക ്തിരിച്ചടിയായത്. യൂറോപ്യന്‍ വിപണി രണ്ട് ശതമാനത്തിലേറെ ഇടിവ് രേഖപ്പെടുത്തി.

ഏറെക്കുറെ എല്ലാ മേഖലകളും നഷ്ടത്തിലാണ് അവസാനിച്ചത്. ഗൃഹോപകരണം, ലോഹം എന്നീ മേഖലകളിലാണ് ഏറ്റവുമധികം നഷ്ടം രേഖപ്പെടുത്തിത്. എണ്ണവാതകം, മൂലധനസാമഗ്രി, ഊര്‍ജം, എഫ്എംസിജി, വാഹനം എന്നീ മേഖലകളും നഷ്ടത്തിലാണ് അവസാനിച്ചത്.

മുന്‍ നിര ഓഹരികളെല്ലാം നഷ്ടത്തിലാണ് വ്യാപാരമവസാനിപ്പിച്ചത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 1.50ശതമാനവും കോള്‍ ഇന്ത്യയുടെ ഓഹരി വില അഞ്ച് ശതമാനത്തിലേറെയും ഇടിഞ്ഞു. സ്‌റ്റെര്‍ലൈറ്റ്, ഹിന്‍ഡാല്‍കോ, ഹീറോ മോട്ടോര്‍ കോര്‍പ്, ജിന്‍ഡാല്‍ സ്റ്റീല്‍, ബജാജ് ഓട്ടോ, ടാറ്റാ പവര്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, എന്‍ടിപിസി, എല്‍ ആന്‍ഡ് ടി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയ്ക്കും കാര്യമായ നഷ്ടമുണ്ടായി.