മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി വീണ്ടും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. മുംബൈ ഓഹരി വിപണിയായ സെന്‍സെക്‌സ് 244.31 പോയന്റ് താഴ്ന്ന് 16,453 പോയന്റിലും ദേശീയ ഓഹരി വിപണിയായ നിഫ്റ്റി 72.20 പോയന്റ് താഴ്ന്ന 4,943.25 പോയന്റിലും ക്ലോസ് ചെയ്തു. മെറ്റല്‍, റിയാലിറ്റി, ആട്ടോ, ബാങ്കിങ് തുടങ്ങി ഒരുവിധം എല്ലാ മേഖലകളിലെയും ഓഹരികള്‍ക്ക നഷ്ടം നേരിട്ടു.

16,599.74 പോയന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ് ഒരവസരത്തില്‍ 16.599.74 പോയന്റിലേക്ക് ഉയര്‍ന്നതിന് ശേഷമാണ് നഷ്ടത്തില്‍ ക്ലോസ് ചെയ്തത്. കഴിഞ്ഞ ദിവസം സെന്‍സെക്‌സ് 252.05 പോയന്റും നിഫ്റ്റി 69.55 പോയന്റും ഉയര്‍ന്നിരുന്നു.

ആഗോള സൂചികകളിലെ മാന്ദ്യവും സെപ്റ്റംബര്‍ 17ന് അവസാനിച്ച ആഴ്ചയിലെ ഭക്ഷ്യവില സൂചിക 9.13 ആയി ഉയര്‍ന്നതുമാണ് ഓഹരി വിപണിക്ക് തിരിച്ചടിയായത്. ഭക്ഷ്യവില സൂചികയിലെ ഉയര്‍ച്ചയില്‍ ധനകാര്യമന്ത്രി പ്രണാബ് മുഖര്‍ജി കടുത്ത ആശങ്ക രേഖപ്പെടുത്തിയിരുന്നു.

മെറ്റല്‍ മേഖലലയിലെ ഓഹരികള്‍ക്കാണ് ഏറ്റവും കനത്ത തിരിച്ചടി നേരിട്ടത്. ഈ മേഖലയിലെ സൂചികകള്‍ 2.68 ശതമാനം താഴ്്ന്നു. റിയാലിറ്റി മേഖലയിലെ ഓഹരികള്‍ 2.083 ശതമാനവും ബാങ്കിംങ് മേഖലയിലെ ഓഹരികള്‍ 1.83 ശതമാനവും ആട്ടോ മേഖലയിലെ ഓഹരികള്‍ 1.76 ശതമാനവും താഴ്ന്നു.

മുന്‍നിര ഓഹരികളില്‍ ഇന്‍ഫോസിസ് 0.64 ശതമാനവും ടാറ്റാ കണ്‍സള്‍ട്ടന്‍സി ഓഹരികള്‍ 2.15 ശതമാനവും വിപ്രോ 2.30 ശതമാനവും താഴ്ന്നു. അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലാണ്.

യൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്ക് കട പ്രതിസന്ധിയില്‍ നിന്ന് രക്ഷനേടാനുള്ള പാക്കേജിന് ജര്‍മന്‍ പാര്‍ലമെന്റെ അനുകൂലമായതിനെ തുടര്‍ന്ന യൂറോപ്യന്‍ സൂചികകളില്‍ നേട്ടമുണ്ടാകുമെന്ന് പ്രതീക്ഷയാണ് ഇന്ത്യന്‍ സൂചികകള്‍ക്ക നേട്ടമായത്.