മുംബൈ: തുടര്‍ച്ചയായ രണ്ടാ ദിവസവം ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. മുബൈ ഓഹരി വിപണിയും(സെന്‍സെക്‌സ്), ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും നഷ്ടത്തിലാണ് വ്യാഴാഴ്ച വ്യാപാരമവസാനിപ്പിച്ചത്.

സെന്‍സെക്‌സ് 139 പോയന്റും നിഫ്റ്റി 49.30 പോയന്റും നഷ്ടത്തിലാണ് വ്യാപാരം ക്ലോസ് ചെയ്തത്. 16,284.98പോയന്റില്‍ വ്യാപാരം തുടങ്ങിയ സെന്‍സെക്‌സ് 16146.33പോയന്റില്‍ വ്യാപാരമവസാനിപ്പിച്ചപ്പോള്‍ 4888.90 പോയന്റില്‍ വ്യാപാരം തുടങ്ങിയ നിഫ്റ്റി 8,839.60ലാണ് വ്യാപാരമവസാനിപ്പിച്ചത്.

ആഗോളതലത്തില്‍ സൂചികകള്‍ നേട്ടമുണ്ടാക്കുമ്പോഴും ഇന്ത്യന്‍ വിപണിയില്‍ തുടരുന്ന ഇടിവ് ആശങ്കയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ പതിനേഴ് മാസത്തിനിടെ പതിനൊന്ന് തവണ റിപ്പോ നിരക്ക് ഉയര്‍ത്തിയ റിസര്‍വ്വ് ബാങ്ക് വീണ്ടും നിരക്കില്‍ വര്‍ധനവ് വരുത്തിയേക്കാമെന്നും സൂചനയാണ് ഓഹരി വിപണിയെ ദോഷകരമായ് ബാധിച്ചത്. റിസര്‍വ്വ് ബാങ്കിന്റെ ധനവലോകന യോഗം സെപ്റ്റംബര്‍ 16ന് നടക്കുന്നുണ്ട്. ഈ മീറ്റിംഗില്‍ റിപ്പോ നിരക്ക് വീണ്ടും ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

ടെക്‌നോളജി, മെറ്റല്‍, ബാങ്കിംഗ് ഓഹരികള്‍ക്ക് നഷ്ടം നേരിട്ടപ്പോള്‍ റിയാലിറ്റി, ഹെല്‍ത്ത് കെയര്‍, എഫ്.എം.സി.ജി എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളില്‍ 0.87ശതമാനവും ഇന്‍ഫോസിസ് 2.68 ശതമാനവും താഴ്ന്നു. മെറ്റല്‍ സെക്ടറില്‍ 1.86 ശതമാനം ഇടിവുണ്ടായപ്പോള്‍ ബാങ്കിംഗ് മേഖലയില്‍ 1.40 ശതമാനം ഇടിവുണ്ടായി.

ഉയരുന്ന പണപ്പെരുപ്പത്തെ നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി റിസര്‍വ്വ് ബാങ്ക് പലിശ നിരത്ത് ഉയര്‍ത്തിയേക്കുമെന്ന വാര്‍ത്തയാണ് ബാങ്കിംഗ് സൂചികകളെ പിറകോട്ടടിച്ചത്.