മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്. ഒരു മാസത്തിന്  ശേഷം സെന്‍സെക്‌സ് വീണ്ടും 17,000 പോയന്റ് മറികടന്നു. സെന്‍സെക്‌സ് 202.19 പോയന്റ് മുന്നേറി 17065.00 പോയന്റിലും നിഫ്റ്റി, 60.35 പോയന്റുയര്‍ന്ന് 5124.65 പോയന്റിലും വ്യാപാരം അവസാനിപ്പിച്ചു.  എല്ലാ മേഖലകളിലും നേട്ടം പ്രകടമായി.

ഇന്നലെ മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 16862.81 പോയന്റിലും ദേയീയ ഓഹരി സൂചികയായ നിഫ്റ്റി 5064.30 പോയന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചിരുന്നത്. ആഗസ്റ്റ് 11ന് ശേഷം ഇതാദ്യമായാണ് സെന്‍സെക്‌സ് 17,000 പോയന്റ് മറികടക്കുന്നത്.

യൂറോപ്യന്‍ വിപണിയിലും ഏഷ്യന്‍ വിപണിയിലും ഉണ്ടായ മുന്നേറ്റമാണ് ഇന്ത്യന്‍ വിപണിയുടെയും കുതിപ്പിന് കാരണമായത്. റിലെയന്‍സിന്റെ ഓഹരി 1.32 ശതമാനം ഉയര്‍ന്ന 831.70ലെത്തി. റിയാലിറ്റി സെക്ടറാണ് ഏറ്റവും കൂടുതല്‍ മെച്ചമുണ്ടാക്കിയത്. 3.42 ശതമാനത്തോളം ഉയര്‍ന്നു.

ജെ.പി അസോസിയേറ്റ്‌സ് 7.7 ശതമാനവും ഡി എല്‍ എഫ2.69 ശതമാനവും ഉയര്‍ച്ച രേഖപ്പെടുത്തി. പവര്‍, ക്യാപിറ്റല്‍ ഗുഡ്‌സ്, ബാങ്കിങ് മേഖലയിലെ ഓഹരികളും നേട്ടമുണ്ടാക്കി. ഭെല്‍, എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, മാരുതി സുസുക്കി, ടാറ്റാ പവര്‍, കോള്‍ ഇന്ത്യ എന്നിവയും നില മെച്ചപ്പെടുത്തി.