മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി വീണ്ടും നേട്ടത്തില്‍ തിരിച്ചെത്തി. ചൊവ്വാഴ്ച മുംബൈ ഓഹരി വിപണിയായ സെന്‍സെക്‌സ്354 പോയന്റും ദേശീയ ഓഹരി വിപണിയായ നിഫ്റ്റി 108.25 പോയന്റും നേട്ടത്തില്‍ വ്യാപാരമവസാനിപ്പിച്ചു. ഐ.ടി മേഖലയിലെ ഓഹരികളാണ് ഏറ്റവും മികച്ച നേട്ടം കൊയ്തത്. ഈ മേഖലയിലെ ഓഹരികള്‍ക്ക് 3.23 ശതമാനം വരെ ഉയര്‍ച്ചയുണ്ടായി. ഇന്‍ഫോസിസിന്റെ ഓഹരികള്‍ 3.22 ശതമാനവും, ടാറ്റാ കണ്‍സള്‍ട്ടന്‍സിയുടേത് 3.94 ശതമനവും ഉയര്‍ന്നു.

16,745.35 പോയന്റില്‍ തുടങ്ങിയ സെന്‍സെക്‌സ് 376.18 പോയന്റ് നേട്ടത്തോടെ 17,099 പോയന്റിലാണ് വ്യാപാരമവസാനിപ്പിച്ചത്. 5,031.95ല്‍ തുടങ്ങിയ നിഫ്റ്റി 108.25 പോയന്റുയര്‍ന്ന് 5,140.20ലാണ് വ്യാപാരമവസാനിപ്പിച്ചത്. തിങ്കളാഴ്ച സെന്‍സെക്‌സ് 188.48 പോയന്റും നിഫ്റ്റി 52.30 പോയന്റ് താഴ്ന്നിരുന്നു.

ഐ.ടി ഓഹരികളെ കൂടാതെ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍, മെറ്റല്‍, റിയാലിറ്റി, ഒായില്‍, ഗ്യാസ് മേഖലകളിലെ ഓഹരികളും നേട്ടം കൊയ്തു. മുന്‍നിര ഓഹരികളില്‍ ടി.സി.എസിനെയും ഇന്‍ഫോസിസിനെയും കൂടാതെ ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയും നേട്ടത്തിലാണ് വ്യാപാരമവസാനിപ്പിച്ചത്.