മുംബൈ: സംവത് 2067ലും വിപണി തകര്‍പ്പന്‍ പ്രകടനം കാഴ്ചവയ്ക്കുമെന്ന പ്രതീക്ഷയോടെ മുഹൂര്‍ത്ത വ്യാപാരം അവസാനിച്ചു. സെന്‍സെക്‌സ് 539.22 പോയിന്റ് നേട്ടത്തോടെ 21004.96ലും നിഫ്റ്റി 121.30 അധികരിച്ച് 6281.80ലുമാണ് ക്ലോസ് ചെയ്തത്.

വളരെ സൂക്ഷിച്ചു ഇന്‍വെസ്റ്റ് ചെയ്യേണ്ട സമയമാണിത്. സെന്‍സെക്‌സ് 25000നു മുകളില്‍ പോവണമെങ്കില്‍ ചെറുകിട നിക്ഷേപകര്‍ ഇനിയും വിപണിയിലേക്ക് വരേണ്ടതുണ്ട്. വിപണിയിലെ സൂചനകള്‍ ശുഭപ്രതീക്ഷയാണ് നല്‍കുന്നതെന്ന് ഓഹരി വിദഗ്ധന്‍ പൊറിഞ്ചു വെളിയത്ത് അഭിപ്രായപ്പെട്ടു.

കറക്ഷനു ശേഷം വിപണിയിലേക്ക് കടന്നുവരാമെന്ന് ചിന്തിക്കുന്നത് വിഢിത്തമാണ്. നല്ല കമ്പനിയുടെ ബിസിനസ് പാര്‍ട്ണര്‍ഷിപ്പാണ് ഓഹരികള്‍ വാങ്ങുന്നതിലൂടെ നമ്മള്‍ നേടുന്നത്. തീര്‍ച്ചയായും ഈ കമ്പനികളുടെ ഓഹരികള്‍ ഏത് സമയത്തും വാങ്ങാവുന്നതാണ്. ഇവിടെ സെന്‍സെക്‌സും നിഫ്റ്റിയും എത്രയെത്തി എന്ന് ചിന്തിക്കേണ്ട കാര്യമില്ല-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഗാര്‍ഡ്, ടാറ്റാ ഗ്ലോബല്‍, ഭാരത് ഫോര്‍ജ്, മണപ്പുറം, ഐ.ഡി.ബി.ഐ എന്നീ ഓഹരികളാണ് ഉത്തരേന്ത്യന്‍ പുതുവര്‍ഷത്തില്‍ ഓഹരി വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നത്.