എഡിറ്റര്‍
എഡിറ്റര്‍
സെന്‍കുമാറിന്റെ ഗണ്‍മാന്‍ എ.എസ്.ഐ അനിലിനെ സ്ഥലംമാറ്റി ; സ്ഥലംമാറ്റം സെന്‍കുമാര്‍ അറിയാതെ
എഡിറ്റര്‍
Tuesday 30th May 2017 1:13pm

തിരുവനന്തപുരം: സുപ്രീം കോടതി ഉത്തരവു പ്രകാരം സംസ്ഥാന പൊലീസ് മേധാവിയായി പുനര്‍നിയമിക്കപ്പെട്ട ടി.പി. സെന്‍കുമാറും സര്‍ക്കാരും തമ്മിലുള്ള പോര് തുടരുന്നു.

10 വര്‍ഷമായി സെന്‍കുമാറിന്റെ സുരക്ഷാ ജീവനക്കാരനായിരുന്ന ഗണ്‍മാന്‍ എ.എസ്.ഐ അനിലിനെ സ്ഥലംമാറ്റി. സര്‍ക്കാരിനുവേണ്ടി ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.

അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫിസിലേക്കാണ് സ്ഥലംമാറ്റല്‍. സെന്‍കുമാര്‍ അറിയാതെയാണ് പ്രത്യേക സര്‍ക്കാര്‍ ഉത്തരവിലൂടെ ഈ സ്ഥലംമാറ്റല്‍. സര്‍ക്കാര്‍ നീക്കത്തില്‍ സെന്‍കുമാര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

മതിയായ രേഖകള്‍ ഇല്ലാതെയാണ് ഇയാള്‍ ഇത്രയും നാള്‍ സെന്‍കുമാറിനൊപ്പം തുടര്‍ന്നതെന്നാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്. പൊലീസ് അസോസിയേഷന്റെ പരാതിയെ തുടര്‍ന്നാണ് സ്ഥലംമാറ്റം.


Dont Miss ബീഫ് നിരോധനം ശുദ്ധ വിവരക്കേട്; ഇത്രയും യുക്തിയില്ലാത്ത തീരുമാനം ഒരു പ്രധാനമന്ത്രി എടുക്കുമോ: മാമുക്കോയ 


ടി.പി.സെന്‍കുമാറിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ എഐജി വി.ഗോപാലകൃഷ്ണനു സര്‍ക്കാര്‍ അനുമതി നല്‍കിയതിനു പിന്നാലെയാണ് ഈ പുതിയ നീക്കം.

തനിക്കു മാനസികാസ്വാസ്ഥ്യം ഉണ്ടെന്നു കാണിച്ചു സെന്‍കുമാര്‍ റിപ്പോര്‍ട്ട് തയാറാക്കിയെന്ന പരാതിയില്‍ കേസ് നടത്താനാണു ഗോപാലകൃഷ്ണന് ആഭ്യന്തരവകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്.

ടി.പി. സെന്‍കുമാര്‍ മനുഷ്യാവകാശ കമ്മിഷന്‍ ഐജി ആയിരിക്കേയാണു ഡിവൈഎസ്പിയായിരുന്ന ഗോപാലകൃഷ്ണനെതിരെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍ പരാതിക്കിടയാക്കിയ പരാമര്‍ശം നടത്തിയത്. ചീഫ് സെക്രട്ടറിക്കു കൈമാറിയ ഈ റിപ്പോര്‍ട്ടിന്മേല്‍ സെന്‍കുമാറിനോടു വിശദീകരണവും ആവശ്യപ്പെട്ടിരുന്നു.

അഞ്ചു വര്‍ഷമായി നടപടിയില്ലാതിരുന്ന പരാതിയിലാണു കേസ് നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. അതേസമയം ആഭ്യന്തരവകുപ്പിന്റെ തീരുമാനത്തെ കുറിച്ച് അറിയില്ലെന്നാണു ഡിജിപിയുടെ വിശദീകരണം.

Advertisement