Categories

ഇന്ന് വിധി വന്നാല്‍ നാളെ അത് നടപ്പാക്കാനാവില്ല; സെന്‍കുമാര്‍ നിയമനത്തില്‍ വിധി പരിശോധിച്ച ശേഷം നടപടിയെന്ന് പിണറായി

തിരുവനന്തപുരം: സെന്‍കുമാറിന്റെ പുനര്‍നിയമനത്തില്‍ വിധി പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സുപ്രീം കോടതി വിധി അന്തിമമാണ്. അതില്‍ സര്‍ക്കാരിന് പ്രശ്‌നങ്ങളൊന്നും ഇല്ല.

സുപ്രീം കോടതി സുപ്രീമാണ് വിധി പരിശോധിച്ച ശേഷം നടപ്പാക്കും. ഇന്ന് വിധി വന്നാല്‍ നാളെ അത് നടപ്പാക്കാനാവില്ല. സെന്‍കുമാര്‍ വിഷയത്തില്‍ കാലതാമസമുണ്ടായിട്ടില്ലെന്നും പിണറായി പറഞ്ഞു.

സംസ്ഥാന പൊലീസ് മേധാവിയായി പുനര്‍നിയമിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുന്നത് വൈകിപ്പിക്കുന്നതിനെതിരെ ഡി.ജി.പിടി.പി.സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ചീഫ് സെക്രട്ടറി നളിനി നെറ്റോയെ എതിര്‍കക്ഷിയാക്കി സുപ്രീംകോടതിയിലാണ് ഹര്‍ജി നല്‍കിയത്.

എത്രയും വേഗം കോടതി ഉത്തരവ് നടപ്പാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. വിധിപ്പകര്‍പ്പ് ലഭിച്ചിട്ടും സര്‍ക്കാര്‍ നടപടി ഉണ്ടാകാത്തതിനാലാണ് ഹര്‍ജി.

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്നും തന്നെ നീക്കിയതിനു പിന്നില്‍ നളിനി നെറ്റോയുടെ ഇടപെടലുണ്ട് തുടങ്ങിയ ഗുരുതര ആരോപണങ്ങളും സെന്‍കുമാര്‍ ഉന്നയിച്ചിരുന്നു. പുനര്‍നിയമനം വൈകിപ്പിക്കാന്‍ അവര്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

സെന്‍കുമാറിനെ പൊലീസ് മേധാവിയായി വീണ്ടും നിയമിക്കണമെന്നു തിങ്കളാഴ്ചയാണ് സുപ്രീംകോടതി വിധിച്ചത്. അടുത്ത ദിവസം തന്നെ വിധിയുടെ പകര്‍പ്പും, ഉടന്‍ നിയമിക്കണമെന്ന കത്തും സെന്‍കുമാര്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കു കൈമാറിയിരുന്നു.

സുപ്രീം കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെയും നിയമ വിദഗ്ധരുടെയും ഉപദേശം കൂടി തേടാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. അവരും നിയമ സെക്രട്ടറിയും വിധി നടപ്പാക്കണമെന്ന ഉപദേശമാണു നല്‍കിയത്. വിധിക്കെതിരെ റിവിഷന്‍ ഹര്‍ജി നല്‍കേണ്ടതില്ലെന്നു നേരത്തെ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചിരുന്നു.

സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കണമെങ്കില്‍ അദ്ദേഹത്തെ മാറ്റിയ 2016 ജൂണ്‍ ഒന്നിലെ ഉത്തരവ് റദ്ദാക്കണം. ആ ഉത്തരവിലാണു ലോക്‌നാഥ് ബെഹ്‌റയെ പൊലീസ് മേധാവിയായും ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറായും നിയമിച്ചത്. എന്‍. ശങ്കര്‍ റെഡ്ഡിയെ ഡയറക്ടര്‍ സ്ഥാനത്തു നിന്നു മാറ്റിയതും അതേ ഉത്തരവിലാണ്. ആ ഉത്തരവു റദ്ദാക്കിയാല്‍ മറ്റു മൂന്നു പേരുടെ കാര്യം എന്താകുമെന്നാണ് സര്‍ക്കാരിന്റെ ആശങ്ക.