തിരുവനന്തപുരം: ആര്‍.എസ്.എസ് അനുകൂല പ്രസ്താവനയുമായി മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാര്‍ വീണ്ടും. ആര്‍.എസ.്എസ് ഇന്ത്യയ്ക്ക് അകത്തുള്ള സംഘടനയാണെന്നും ലൗ ജിഹാദ് ഇല്ലെന്ന് പറയുന്നത് ശരിയല്ലെന്നുമായിരുന്നു സെന്‍കുമാറിന്റെ പ്രസ്താവന.

ഓരോ മതത്തിലെയും തീവ്രവാദം അതാത് മതങ്ങളിലുള്ളവര്‍ നിയന്ത്രിക്കണം. ലൗ ജിഹാദ് ഇല്ലെന്നു പറയുന്നത് ശരിയല്ല. പ്രണയിക്കുന്നത് ഒരാളെ വിവാഹം കഴിക്കുന്നത് മറ്റൊരാളെ എന്ന സാഹചര്യമുണ്ട്. അഫ്ഗാനില്‍ പോയ പെണ്‍കുട്ടി പ്രണയിച്ചത് ഒരാളെയും കല്യാണം കഴിച്ചത് വേറൊരാളെയുമാണ്. സ്നേഹത്തിന് അപ്പുറത്ത് മറ്റെന്തോ ഉണ്ടെന്നതില്‍ സംശയമില്ല. എന്നായിരുന്നു സെന്‍കുമാറിന്റെ പ്രസ്താവന.

അതേസമയം, ഇസ്ലാമിക് സ്റ്റേറ്റും ആര്‍.എസ്.എസും തമ്മില്‍ യാതൊരു താരതമ്യവുമില്ലെന്ന് മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാറിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണുയര്‍ത്തിയിരിക്കുന്നത്.


Also Read:  ‘മുസ്‌ലിമിനെ ആശുപത്രിയിലെത്തിക്കുന്ന ഹിന്ദു; ഹിന്ദുവിനെ ആക്രമികളില്‍ നിന്നും രക്ഷിക്കുന്ന മുസ്‌ലിം’; സംഘപരിവാറിനും കലാപത്തിനും ഇനിയും തകര്‍ക്കാന്‍ കഴിയാത്ത ബംഗാളിലെ മതസൗഹാര്‍ദ്ദം


മതതീവ്രവാദമെന്ന് പറയുമ്പോള്‍ ആര്‍.എസ്.എസ് ഇല്ലേ എന്ന് ചോദിക്കുന്നതില്‍ കാര്യമില്ലെന്നും ഐ.എസും ആര്‍.എസ്.എസും തമ്മില്‍ ഒരു താരതമ്യവുമില്ലെന്നും ആര്‍.എസ്.എസ് ദേശവിരുദ്ധ സംഘടനയല്ലെന്നും ദേശീയയ്ക്ക് എതിരായ മതതീവ്രവാദത്തെയാണ് നേരിടേണ്ടതെന്നുമായിരുന്നു സെന്‍കുമാര്‍ പറഞ്ഞത്.

കേരളത്തില്‍ മുസ്ലീം കുട്ടികളുടെ എണ്ണം വര്‍ധിക്കുകയാണെന്ന് പറഞ്ഞ സെന്‍കുമാര്‍ അതില്‍ ആശങ്കയും പ്രകടിപ്പിച്ചിരുന്നു. കേരളത്തിലെ ഇപ്പോഴത്തെ ജനസംഖ്യാഘടന നോക്കിയാല്‍ നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ 42 മുസ്ലിം കുട്ടികളാണ്. മുസ്ലിം ജനസംഖ്യ 27 ശതമാനമാണ്. 54 ശതമാനമുള്ള ഹിന്ദുക്കളുടെ ജനന നിരക്ക് 48 ശതമാനത്തില്‍ താഴെയാണ്. 19.5 ശതമാനമുള്ള ക്രിസ്ത്യാനികളുടെ ജനന നിരക്ക് 15 ശതമാനം. ഭാവിയില്‍ വരാന്‍ പോകുന്നത് ഏത് രീതിയിലുള്ള മാറ്റമായിരിക്കുമെന്നും സെന്‍കുമാര്‍ ചോദിച്ചിരുന്നു.

സെന്‍കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.