ന്യൂദല്‍ഹി; ഉത്തര്‍ പ്രദേശില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ പോലീസ് അനധികൃതമായി കസ്റ്റഡിയിലെടുത്തതായി പരാതി. ഐ.ബി.എന്‍ 7 നിന്റെ സീനിയര്‍ റിപ്പോര്‍ട്ടര്‍ ശലഭ് മണിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. രാത്രി 11 മണിയോടെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കസ്റ്റഡിയിലെടുത്ത ഇദ്ദേഹത്തെ സ്‌റ്റേഷനിലേക്ക് കൊണ്ട് പോവുകയായിരുന്നു. സ്‌റ്റേഷനില്‍ ഇദ്ദേഹത്തോട് പോലീസ് പരുക്കനായി പെരുമാറിയതായും പരാതിയുണ്ട്.

ഉത്തര്‍ പ്രദേശ് ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസറായിരുന്ന വൈ.എസ് സച്ചന്റെ മരണവുമായി ബന്ധപ്പെട്ട് ശലഭ് നടത്തിയ റിപ്പോര്‍ട്ടിങ്ങാണ് പോലീസിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. സച്ചന്റെ മരണം ആദ്യം ആത്മഹത്യയാണെന്ന് പറഞ്ഞ പോലീസ് പിന്നീട് അത് കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ നിരവധി പഴുതുകള്‍ ഉണ്ടെന്ന കാര്യമായിരുന്നു ശലഭ് റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോര്‍ട്ട് പുറത്ത വന്ന ഉടന്‍ തന്നെ പോലീസ് ഉദ്യോഗസ്ഥര്‍ ഓഫീസിലെത്തി പരുഷമായി പെരുമാറുകയായിരുന്നു. മറ്റൊരു റിപ്പോര്‍ട്ടറായ മനോജ് ത്രിപാഠിയെയും പോലീസ് ലക്ഷ്യമിട്ടിരുന്നുവെങ്കിലും ഇദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞില്ല.

‘ ഭരണകൂടത്തിനെതിരായി വാര്‍ത്ത നല്‍കിയതിനെതിരെയാണ് പോലീസ് ഭീഷണിപ്പെടുത്തിയത്. എന്നെ കേസില്‍ കുടുക്കുമെന്നും അവര്‍ ഭീഷണിപ്പെടുത്തി’- ശലഭ് വ്യക്തമാക്കി.

എന്നാല്‍ സംഭവത്തില്‍ പ്രതിഷേധിച്ച് നൂറ് കണക്കിന് മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വസതിക്ക് പുറത്ത് പ്രതിഷേധവുമായി ഒത്തുകൂടിയതോടെ ശലഭിനെ പിന്നീട് വിട്ടയക്കുകയായിരുന്നു.