എഡിറ്റര്‍
എഡിറ്റര്‍
ഒളിമ്പിക്‌സ് ടെന്നിസ്: തീരുമാനം പറയാതെ പെയ്‌സ്
എഡിറ്റര്‍
Saturday 23rd June 2012 10:47am

ന്യൂദല്‍ഹി:  ലണ്ടന്‍ ഒളിംപിക്‌സ് ടെന്നിസ് പുരുഷ ഡബിള്‍സില്‍ ലിയാന്‍ഡര്‍ പെയ്‌സ് കളിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായില്ല. റാങ്കിങ്ങില്‍ പേയ്സിനേക്കാള്‍ പിന്നിലുള്ള വിഷ്ണുവര്‍ധനെ പങ്കാളിയാക്കുകയും മഹേഷ് ഭൂപതി – രോഹന്‍ ബൊപ്പണ്ണ സഖ്യത്തെ രണ്ടാം ടീമായി പ്രഖ്യാപിക്കുകയും ചെയ്ത ടെന്നിസ് അസോസിയേഷന്റെ നടപടിയില്‍ പെയ്‌സിന് കടുത്ത പ്രതിഷേധമുണ്ടെന്നാണ് സൂചന. എന്നാല്‍ തന്റെ നിലപാട് പെയ്‌സ് ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

ടെന്നിസ് അസോസിയേഷന്റെ പ്രഖ്യാപനം ഉണ്ടായ ഉടന്‍ തന്നെ പെയ്‌സ് കളിച്ചേക്കില്ലെന്ന സൂചനയുമായി കഴിഞ്ഞദിവസം പെയ്‌സിന്റെ പിതാവ് വേസ് പെയ്‌സ് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇന്നലെ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ഇദ്ദേഹം തയ്യാറായിരുന്നില്ല. പ്രശ്‌നം പരിഹരിക്കാന്‍ താരങ്ങള്‍ തയാറാവണമെന്നു വ്യക്തമാക്കി കേന്ദ്ര മന്ത്രിമാരായ എസ്.എം. കൃഷ്ണ, അജയ് മാക്കന്‍ എന്നിവര്‍ ഇന്നലെ രംഗത്തെത്തിയിരുന്നു.

പ്രശ്‌നം എത്രയും വേഗം പരിഹരിക്കുന്നതിനായി അസോസിയേഷന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. പെയ്‌സിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി സിലക്ടര്‍മാരിലൊരാളായ രോഹിത് രാജ്പാലിനെ അസോസിയേഷന്‍ ലണ്ടനിലേക്ക് അയച്ചിട്ടുണ്ട്.

എന്നാല്‍ രണ്ടു ടീം പങ്കെടുക്കുമ്പോള്‍, മുന്‍നിര താരങ്ങള്‍ക്കെല്ലാം മെഡല്‍ സാധ്യതയുണ്ടെന്നാണ് അസോസിയേഷന്റെ പക്ഷം. വിഷ്ണുവര്‍ധനൊപ്പം പെയ്‌സ് ജയസാധ്യത കാണുന്നില്ലെങ്കിലും മിക്‌സ്ഡ് ഡബിള്‍സില്‍ പെയ്‌സ് – സാനിയ സഖ്യത്തിനു പ്രതീക്ഷയ്ക്കു വകയുണ്ട്. ഒളിംപിക്‌സ് സിംഗിള്‍സിലോ ഡബിള്‍സിലോ സാനിയയ്ക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലഭിച്ചാല്‍ മാത്രമേ മിക്‌സ്ഡ് ഡബിള്‍സില്‍ സഖ്യത്തിനു മല്‍സരിക്കാനാവൂ.

Advertisement