മുംബൈ: അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കെതിരെ ആക്രമണം നടത്തിയ ഭീകരരെ പിടികൂടാത്ത കേന്ദ്രസര്‍ക്കാറിനെ പരിഹസിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. ആയുധങ്ങള്‍ക്കു പകരം പശുമാംസവുമായാണ് ഭീകരര്‍ വന്നതെങ്കില്‍ ആരും ജീവനോടെ ഉണ്ടാവുമായിരുന്നില്ലെന്നാണ് ഉദ്ധവ് താക്കറെയുടെ പരിഹാസം.

തീവ്രവാദികളെ നേരിടാന്‍ ഗോരക്ഷാ പ്രവര്‍ത്തകരെ അയക്കണമെന്നും ഉദ്ധവ് പറയുന്നു.

കായിക, സാംസ്‌കാരിക മേഖലകള്‍ വളര്‍ത്തുകയാണെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. എന്നാല്‍ മതവും രാഷ്ട്രീയവും ചേര്‍ന്ന് ഭീകരാക്രമണങ്ങളുടെ രൂപത്തില്‍ എത്തിയിരിക്കുകയാണെന്നും ഉദ്ധവ് പറഞ്ഞു.

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കുനേരെയുണ്ടായ ആക്രമണത്തില്‍ മോദി സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉദ്ധവ് താക്കറെയും വിശ്വ ഹിന്ദു പരിഷത്തും ഉയര്‍ത്തിയത്. മൂന്നുവര്‍ഷത്തെ ഭരണവേളയില്‍ ജമ്മുകശ്മീരില്‍ ഭീകരാവാദം ഇല്ലാതാക്കുന്നതില്‍ വന്ന പരാജയമാണ് ഇതു വെളിവാക്കുന്നതെന്നും വി.എച്ച്.പി പറഞ്ഞു.


Must Read: രാത്രി മുഴുവന്‍ സെല്ലില്‍ കരഞ്ഞുതീര്‍ത്ത് ദീലീപ്; ദിലീപിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനൊരുങ്ങി പൊലീസ്


കഴിഞ്ഞദിവസമുണ്ടായ ഭീകരാക്രമണത്തില്‍ ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴ് അമര്‍നാഥ് തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പുറമേ 19 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരില്‍ അഞ്ചുപേര്‍ ഗുജറാത്ത് സ്വദേശികളും രണ്ടുപേര്‍ മഹാരാഷ്ട്രയില്‍ നിന്നുള്ളവരുമാണ്.