മുംബൈ: സംസ്ഥാനത്തെ കോണ്‍ഗ്രസ്- എന്‍.സി.പി സര്‍ക്കാറിനെ തകര്‍ക്കാന്‍ അവസരം കാത്തുനടക്കുന്ന ശിവസേനയ്ക്ക് പുതിയ പങ്കാളിയെ ലഭിച്ചു. ഏറെക്കാലം കോണ്‍ഗ്രസിന്റേയും എന്‍.സി.പിയുടേയും കൂടെ നടന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (ആര്‍.പി.ഐ) യാണ് സേനയുമായി കൈകോര്‍ത്തിരിക്കുന്നത്.

ശിവസേന നേതാവ് ബാല്‍ താക്കറെയുമായി ആര്‍.പി.ഐ നേതാവ് രാംദാസ് അത്വാലെ ചര്‍ച്ച നടത്തിക്കഴിഞ്ഞു. വരാനിരിക്കുന്ന മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ചില നീക്കുപോക്കുകളുണ്ടാക്കുമെന്ന് അത്വാലെ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ അരാജകത്വ ഭരണത്തെ തകര്‍ത്തെറിയാന്‍ ആര്‍.പി.ഐയുമായുള്ള ബന്ധം സഹായിക്കുമെന്നാണ് ശിവസേന കണക്കുകൂട്ടുന്നത്. സാധാരണക്കാരന്റെ പ്രശ്‌നങ്ങളെ അവഗണിക്കുകയാണ് സംസ്ഥാന സര്‍ക്കാറെന്ന് ബാല്‍ താക്കറെ ആരോപിച്ചിട്ടുണ്ട്.

നോയ്ഡ കര്‍ഷക പ്രക്ഷോഭം, ജയ്താപൂര്‍ പ്രതിഷേധം എന്നീ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശിവസേന കൊണ്ടുപിടിച്ച ശ്രമം നടത്തുന്നുണ്ട്. ഇത് ശക്തമാക്കുന്നതിനായാണ് കോണ്‍ഗ്രസിന്റേയും എന്‍.സി.പിയുടേയും പഴയ സുഹൃത്തായ ആര്‍.പി.ഐയെ കൂടെക്കൂട്ടിയിരിക്കുന്നത്.