തിരുവനന്തപുരം: ആര്‍. ശെല്‍വരാജ് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 9.30 നിയമസഭയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ശെല്‍വരാജ് ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

ശെല്‍വരാജിന്റെ സത്യപ്രതിജ്ഞ ചടങ്ങിനിടെ പ്രതിപക്ഷം ബഹളം വച്ചു. അഞ്ചുകോടി, നാണക്കേട് തുടങ്ങിയ കാര്യങ്ങള്‍ വിളിച്ച് പറഞ്ഞ് പ്രതിപക്ഷ അംഗങ്ങള്‍ ശെല്‍വരാജിനെ പരിഹസിക്കുന്നുണ്ടായിരുന്നു.

സത്യപ്രതിജ്ഞയ്ക്കുശേഷം മുഖ്യമന്ത്രിയ്ക്കും യു.ഡി.എഫ് അംഗങ്ങള്‍ക്കും അടുത്തെത്തി ശെല്‍വരാജ് ഹസ്തദാനം ചെയ്തു.

നെയ്യാറ്റിന്‍കരയിലെ സി.പി.ഐ.എം എം.എല്‍.എ ആയ ശെല്‍വരാജ് രാജിവച്ച് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. പാര്‍ട്ടിയിലെ പ്രശ്‌നങ്ങളുടെ പേരിലാണ് ശെല്‍വരാജ് രാജിവെച്ചത്. യു.ഡി.എഫില്‍ ചേരുന്നതിനേക്കാള്‍ നല്ലത് ആത്മഹത്യയാണെന്ന് പറഞ്ഞ ശെല്‍വരാജ് യു ഡി എഫ് സ്ഥാനാര്‍ഥിയായത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.