കോച്ചി: സ്വാശ്രയകോളേജ് കോഴ ഐ.ടി.സിയുടെ റീജിയണല്‍ ഡയറക്ടര്‍ ഡോ മഞ്ജുസിംഗിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. കോച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് മഞ്ജുവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. മഞ്ജു 17 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി സി.ബി.ഐ കണ്ടെത്തി. 

അഴിമതി നിരോധന നിയമം, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. സിബിഐ മഞ്ജുവിന്റെ ബാംഗളൂരിലെ ഓഫീസും വസതിയും റെയ്ഡ് ചെയ്ത് ഒട്ടേറെ രേഖകള്‍ പിടിച്ചെടുത്തിരുന്നു.

സിബിഐ ഇതു സംബന്ധിച്ച അന്വേഷണം ആരംഭിച്ചത് 2009 നവംബറിലാണ്. കേരളത്തിലെ മൂന്നു കോളജുകള്‍ക്ക് അടിസ്ഥാന സൗകര്യമില്ലാതെ പ്രവര്‍ത്തനാനുമതി നല്കാന്‍ കോഴ വാങ്ങിയെന്നാണു കേസ്. തൃശൂരിലെ തേജസ് കോളജ് ഓഫ് എന്‍ജിനീയറിംഗ്, വടക്കാഞ്ചേരിയിലെ മലബാര്‍ കോളജ് ഓഫ് എന്‍ജിനീയറിംഗ്, പാലക്കാട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്നിവയാണ് അനധികൃതമായി അനുമതി നേടിയതെന്നാണ് സി.ബി.ഐ കണ്ടെത്തിയിരിക്കുന്നത്.

പാലക്കാട് കോളജിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ലാതെ പ്രവര്‍ത്തിക്കാന്‍ അനുമതി കൊടുത്തതിന് 17 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നു സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. കോളജ് ചെയര്‍മാന്‍ ഒ.കെ. ശ്രീധരനാണു രണ്ടാം പ്രതി. ഡോ. മഞ്ജു സിങ് ഇപ്പോള്‍ യുജിസി അംഗമാണ്. കേസില്‍ സംസ്ഥാനത്തെ നിരവധി സ്വാശ്രയ കോളജ് അധികൃതരെ സിബിഐ ചോദ്യം ചെയ്തിരുന്നു.

കൊല്ലങ്കോട് എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ കീഴിലാണു പാലക്കാട് ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് എന്‍ജിനീയറിംഗ് കോളജ്. തൃശൂരിലെ തേജസ് എന്‍ജിനീയറിംഗ് കോളജ് ഡയറക്ടര്‍ സി.സി. തമ്പി, വടക്കാഞ്ചേരി മലബാര്‍ കോളജ് ചെയര്‍മാന്‍ കെ.എസ്. ഹംസ എന്നിവരാണു മറ്റു പ്രതികള്‍.