തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ മുസ്‌ലീങ്ങള്‍ക്കായി സംവരണം ചെയ്ത മെഡിക്കല്‍ സീറ്റുകളില്‍ പ്രവേശനം നേടണമെങ്കില്‍ ഏതെങ്കിലുമൊരു മതസംഘടനയുടെ ഭാഗമാകണമെന്ന് നിഷ്‌കര്‍ഷിച്ച് സര്‍ക്കാര്‍ ഉത്തരവ്. മുസ്‌ലിം മാനേജ്‌മെന്റിനു കീഴിലുള്ള കോളജുകളില്‍ മുസ്‌ലീങ്ങള്‍ക്കായി സംവരണം ചെയ്ത പകുതി സീറ്റ് വിവിധ മതസംഘടനകള്‍ക്കു വിഭജിച്ചു നല്‍കിയ ഉത്തരവിലൂടെയാണ് സര്‍ക്കാര്‍ ഇത്തരമൊരു നിബന്ധന കൊണ്ടുവന്നിരിക്കുന്നത്.

സീറ്റുവിഭജനം സംബന്ധിച്ച് സ്വാശ്രയമാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ശുപാര്‍ശ അംഗീകരിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനനന്ദനാണ് ഉത്തരവ് പുറത്തിറക്കിയത്.

മുസ്‌ലീങ്ങള്‍ക്കായി സംവരണം ചെയ്ത സീറ്റുകള്‍ മുജാഹിദ്, സുന്നി, ജമാഅത്തെ ഇസ്‌ലാമി, കേരള മുസ്‌ലിം ജമാഅത്ത് എന്നീ സംഘടനകള്‍ക്ക് വിഭജിച്ചു നല്‍കുകയാണ് സര്‍ക്കാര്‍ ഉത്തരവിലൂടെ ചെയ്തിരിക്കുന്നത്. ഈ സംഘടനകളില്‍പെട്ടവരുടെ മക്കള്‍ക്ക് പ്രവേശനം എന്ന പേരിലാണ് ഉത്തരവിറങ്ങിയത്. ഇതിനായി റവന്യൂ അധികാരികളില്‍ നിന്നുള്ള രേഖയും അതത് സ്ഥാപനങ്ങള്‍ നടത്തുന്ന മതസംഘടനാ ഭാരവാഹികള്‍ നല്‍കുന്ന രേഖയും നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇതോടെ ഈ വിഭാഗങ്ങളിലൊന്നും പെടാത്ത മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് സംവരണാനുകൂല്യം ലഭിക്കാതെയാവും.


Must Read: എതിരഭിപ്രായം പറയുന്നത് രാജ്യദ്രോഹമല്ല: ദളിതര്‍ക്കും മുസ്‌ലീങ്ങള്‍ക്കും എതിരായ സംഘപരിവാര്‍ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് മോദിക്ക് സൈനികരുടെ കത്ത്


എം.ഇ.എസ് ഒഴികെയുള്ള മുസ്‌ലിം മാനേജ്‌മെന്റുകള്‍ നടത്തുന്ന സ്വാശ്രയ മെഡിക്കല്‍ കോളജുകളിലാണ് മുസ്‌ലിം സംവരണ സീറ്റുകള്‍ മതസംഘടനകള്‍ക്കു വിഭജിച്ചു നല്‍കിയത്. കോഴിക്കോട് കെ.എം.സി.ടി, കൊല്ലം ട്രാവന്‍കൂര്‍, അസീസിയ, കണ്ണൂര്‍മെഡിക്കല്‍ കോളജുകള്‍, കണ്ണൂര്‍ ഡെന്റല്‍ കോളജ്, അസീസിയ ഡെന്റല്‍ കോളജ്, അല്‍ അസ്ഹര്‍ ഡെന്റല്‍ കോളജ് എന്നിവിടങ്ങളിലാണ് സര്‍ക്കാര്‍ സീറ്റുവിഭജിച്ചു നല്‍കിയത്.

മുജാഹിദ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 47, സുന്നിയ്ക്ക് 23, ജമാഅത്ത് ഇസ്‌ലാമിക്ക് ഏഴ് എന്നിങ്ങനെയാണ് മുക്കം കെ.എം.സി.ടി കോളജിലെ സീറ്റ് സംവരണം.

ഈ വിഭാഗത്തിലെ കുട്ടികള്‍ ഇല്ലാതെ വന്നാല്‍ സീറ്റ് മാനേജ്‌മെന്റിനു തന്നെ ലഭിക്കുമെന്നും അതു വന്‍തുകയ്ക്ക് മറിച്ചുവില്‍ക്കാമെന്നുമുള്ള ലക്ഷ്യത്തോടെയാണ് മാനേജ്‌മെന്റുകളുടെ നീക്കമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ഇത് അംഗീകരിക്കുക വഴി സര്‍ക്കാര്‍ സ്വാശ്രയ കച്ചവടത്തിന് ഒത്താശ ചെയ്യുകയാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

നടപടിയില്‍ തെറ്റില്ലെന്നാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ വാദം. കഴിഞ്ഞവര്‍ഷം കൊല്ലം അസീസിയ കോളജിന് ഈ രൂപത്തില്‍ സംവരണത്തിന് കോടതി അനുമതി നല്‍കിയിരുന്നെന്നാണ് മന്ത്രിയുടെ വാദം.