hihg-courtകൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളേജിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി മുഹമ്മദ് കമ്മറ്റിക്കെതിരേ രംഗത്തെത്തി. സ്വാശ്രയ ക്രിസ്റ്റിയന്‍ മാനേജ്‌മെന്റ് ഫെഡറേഷന്‍ കോളേജുകള്‍ക്ക് സ്വന്തം പ്രോസ്‌പെക്ടസ് പ്രകാരം പ്രവേശനം നടത്താമെന്ന് കോടതി വ്യക്തമാക്കി.

മുഹമ്മദ് കമ്മറ്റിയുടെ തീരുമാനത്തിന് എതിരായാണ് കോടതി നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇംഗ്ലീഷ് വിഷയത്തിന് 50 ശതമാനം മാര്‍ക്ക് വേണമെന്ന നിബന്ധനയും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്.

ഈ വര്‍ഷത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനത്തിന് പി.എ മുഹമ്മദ് കമ്മറ്റി നിശ്ചയിച്ച ഫീസ് നിരക്ക് അംഗീകരിക്കാനാവില്ലെന്ന് സ്വാശ്രയ മെഡിക്കല്‍ കോളേജ് അസോസിയേഷന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

2,54,000 രൂപാമുതല്‍ 2,73,000 രൂപാ വരെയാണ് വാര്‍ഷിക ഫീസായി ഈടാക്കാനായിരുന്നു മുഹമ്മദ് കമ്മറ്റി നിര്‍ദ്ദേശിച്ചത്. അടുത്ത മൂന്നുവര്‍ഷത്തേക്ക് ഈ ഫീസ് നിരക്ക് തുടരണമെന്നും കമ്മറ്റി വ്യക്തമാക്കിയിരുന്നു.

ഈമാസം 16ന് ചേര്‍ന്ന മുഹമ്മദ് കമ്മറ്റിയുടെ ഫീസ് നിര്‍ണ്ണയ സമിതിയാണ് തീരുമാനം എടുത്തത്. സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളേജുകള്‍ 2,54,000 നും 2,73,000നും ഇടയ്ക്കുള്ള ഫീസ് നിരക്കായിരിക്കും ഇനി ഈടാക്കുക.