തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ പി ജി പ്രവേശനത്തില്‍ സര്‍ക്കാരിനവകാശപ്പെട്ട 50 ശതമാനം സീറ്റുകള്‍ ഏറ്റെടുത്തുകൊണ്ട് ഉത്തരവിറക്കി. ഈ സീറ്റുകളിലേക്ക് മാനേജ്‌മെന്റുകള്‍ നടത്തിയ പ്രവേശനവും റദ്ദാക്കിയിട്ടുണ്ട്.

ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് സദാനന്ദനാണ് ഉത്തരവിറക്കിയത്. സര്‍ക്കാര്‍സീറ്റിലെ ഫീസ് ഘടന സംബന്ധിച്ച് പിന്നീട് പ്രത്യേകം ഉത്തരവിറക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ള 18 ബിരുദാനന്തരകോഴ്‌സുകളിലെയും ഏഴു ബിരുദാനന്തരകോഴ്‌സുകളിലെയും സീറ്റുകളിലേക്ക് ഉടന്‍ അലോട്ട്‌മെന്റ് നടത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

മെഡിക്കല്‍ പി ജി പ്രവേശനം വിവാദമായ സാഹചര്യത്തിലാണ് പരിയാരം ഉള്‍പ്പടെയുള്ള സ്വാശ്രയമെഡിക്കല്‍ കോളേജിലെ 50 ശതമാനം സീറ്റുകള്‍ ഏറ്റെടുത്തുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.

നിയമപ്രകാരം 50 ശതമാനം സീറ്റുകള്‍ സര്‍ക്കാരിന് അവകാശപ്പെട്ടതായിരുന്നു. എന്നാല്‍ മാനേജ്‌മെന്റുമായുണ്ടാക്കിയ കരാര്‍പ്രകാരം നിശ്ചിതതീയ്യതിയ്ക്കകം മെറിറ്റ്‌ലിസ്റ്റ് നല്‍കാന്‍ സര്‍ക്കാരിനായില്ല. ഇതേത്തുടര്‍ന്ന് മാനേജ്‌മെന്റുകള്‍ ഈ സീറ്റുകളിലേക്ക് സ്വന്തംനിലയില്‍ പ്രവേശനം നടത്തി.

മാനേജ്‌മെന്റ് പ്രവേശനം ഏറ്റെടുത്തപ്പോള്‍ വിദ്യാഭ്യാസമന്ത്രിയുടെയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെയും മക്കള്‍ക്ക് പ്രവേശനം ലഭിച്ചത് പ്രശ്‌നം കൂടുതല്‍ രൂക്ഷമായി. മന്ത്രിമാര്‍ മക്കള്‍ക്കായി സീറ്റ് തരപ്പെടുത്തി മെറിറ്റ് ക്വാട്ട മാനേജ്‌മെന്റുകള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നെന്ന് ആരോപണമുയര്‍ന്നിരുന്നു. പ്രവേശനം വിവാദമായതിനെത്തുടര്‍ന്ന് ഇവര്‍ മക്കള്‍ക്ക് ലഭിച്ച സീറ്റു വേണ്ടെന്നു വെയ്ക്കുകയായിരുന്നു.

മെറിറ്റ് ക്വാട്ട സര്‍ക്കാര്‍ ഏറ്റെടുത്തതോടെ പ്രവേശന പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ഇനി പ്രവേശനം നടത്തുക.