തിരുവനന്തപുരം: സ്വാശ്രയ കോളേജ് പ്രവേശന പ്രശ്‌നം പരിഹരിക്കാനുള്ള സാധ്യത തെളിയുന്നു. പ്രശ്‌നപരിഹാരത്തിനായി ക്രൈസ്തവ മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കെ.സി.ബി.സിയുടെ വിദ്യാഭ്യാസ കമ്മീഷന്‍ കൊച്ചിയില്‍ യോഗം ചേരുന്നുണ്ട്.

50:50 എന്നതാണ് ഒത്തുതീര്‍പ്പുഫോര്‍മുല. എന്നാല്‍ സര്‍ക്കാരിന്റെ 50% സീറ്റില്‍ നിന്ന് 20% സീറ്റുകള്‍ കമ്മ്യൂണിറ്റി ക്വാട്ടയായി നിര്‍ത്തും.

കെ.സി.ബി.സിയുടെ വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ കൊല്ലം ബിഷപ്പ് മാര്‍ സ്റ്റാന്‍ലി റോമന്‍, മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവ, കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ എന്നിവരാണ് ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്തത്. വിദ്യാഭ്യാസമന്ത്രി എം.എ ബേബിയുമായി ഇതിനകം രണ്ടുമൂന്ന് വട്ടം ചര്‍ച്ചകള്‍ നടന്നു.

ഈ വ്യസ്ഥകള്‍ അംഗീകരിക്കാന്‍ സര്‍ക്കാരും കത്തൊലിക്കാ സഭയിലെ മലങ്കര, ലാറ്റിന്‍ വിഭാഗങ്ങള്‍ക്കും താല്‍പര്യമുണ്ട്. എന്നാല്‍ റോമന്‍ കത്തോലിക്കാ വിഭാഗം പൂര്‍ണ തൃപ്തിയിലെത്തിയിട്ടില്ല. ആര്‍.സി. വിഭാഗത്തിലെ ചങ്ങനാശേരി, തൃശൂര്‍ അതിരൂപതകള്‍ സമവായ ധാരണയോട് പൂര്‍ണ താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല. എങ്കിലും ധാരണയിലെത്താന്‍ കഴിഞ്ഞേക്കുമെന്നാണ് ഇരുവിഭാഗങ്ങളുടെ പ്രതീക്ഷ.