തിരുവനന്തപുരം:സ്വാശ്രയമെഡിക്കല്‍ പി.ജി പ്രവേശനവുമായ് ബന്ധപ്പെട്ട് മാനേജ്‌മെന്റുകളും സര്‍ക്കാരും ഇന്ന് ചര്‍ച്ച നടത്തും. ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ പ്രതിനിധികളെയും ചര്‍ച്ചയ്ക്കായി ക്ഷണിച്ചിട്ടുണ്ട്.

വൈകീട്ട് ആറിന് തിരുവനന്തപുരത്ത് നടക്കുന്ന ചര്‍ച്ചയില്‍ സീറ്റ് നിര്‍ണയം, ഫീസ് ഘടന തുടങ്ങിയ കാര്യങ്ങളുമായി മാനേജ്‌മെന്റുകളുമായി ധാരണയുണ്ടാകാനാണ് സാധ്യത.

സ്വന്തംനിലയ്ക്ക് പ്രവേശനം നടത്തുമെന്ന് സ്വാശ്രയമാനേജ്‌മെന്റുകള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് പ്രശ്‌നം പരിഹരിക്കാന്‍ മന്ത്രിസഭാ ഉപസമിതിയ്ക്ക് രൂപം നല്‍കിയത്. മന്ത്രിമാരായ പി.ജെ ജോസഫ്, കെ.എം മാണി, അടൂര്‍ പ്രകാശ്, കെ.ബി ഗണേഷ്‌കുമാര്‍, പി.കെ അബ്ദുറബ്ബ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരാണ് മന്ത്രിസഭാ ഉപസമിതി അംഗങ്ങള്‍.

മെഡിക്കല്‍ സീറ്റിന്റെയും ഫീസിന്റെയും കാര്യത്തിലാണ് അനിശ്ചിതത്വം നിലനില്‍ക്കുന്നത്. 50 ശതമാനം സീറ്റ് സര്‍ക്കാരിനു വിട്ടുകൊടുക്കില്ലെന്നും എന്‍.ആര്‍.ഐ ഒഴികെയുള്ള സീറ്റുകളിലേക്ക് 3.5 ലക്ഷം രൂപ ഫീസില്‍ പ്രവേശനംനടത്തുമെന്നാണ് മാനേജ്‌മെന്റുകള്‍ പറയുന്നത്.

50:50 എന്നതാണു സര്‍ക്കാര്‍നയമെന്ന് ആരോഗ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. മാനേജ്‌മെന്റുകളെ അനുനയിപ്പിച്ചു കരാറുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ നീക്കം.