തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മുഴുവന്‍ സീറ്റുകളിലും നേരിട്ട് നിയമനം നടത്തുമെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഉണ്ടാവാത്ത സാഹചര്യത്തിലാണിതെന്നും അവര്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ നിര്‍ദേശിച്ച തരത്തില്‍ 50% സീറ്റില്‍ സര്‍ക്കാര്‍ ലിസ്റ്റ് പ്രകാരമാണ് പ്രവേശനം നടത്തിയത്. എന്നാല്‍ ഈ വര്‍ഷം ഇക്കാര്യത്തില്‍ യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അതിനാല്‍ സ്വന്തം നിലയില്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം നടത്തുകയെന്നും അസോസിയേഷന്‍ അറിയിച്ചു.

ഇതിനു പുറമേ മെഡിക്കല്‍ കോളേജുകളിലെ സര്‍ക്കാര്‍ പി.ജി സീറ്റുകള്‍ നഷ്ടമാകുമെന്ന് അസോസിയേഷന്‍ നേരത്തെ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. മെയ് 31വരെയാണ് ഇതിന് അവധി നല്‍കിയിരുന്നത്. എന്നാല്‍ മുന്നറിയിപ്പ് സര്‍ക്കാര്‍ വകവെച്ചില്ല. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ സീറ്റുകള്‍ ഏറ്റെടുത്തതെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

സര്‍ക്കാരുമായി തങ്ങള്‍ ധാരണയ്ക്ക് തയ്യാറാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരേയും സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ലെന്നും അസോസിയേഷന്‍ അറിയിച്ചു.