ന്യൂദല്‍ഹി:പെണ്‍ഭ്രൂണഹത്യ കൂടുതല്‍ ധനികകുടുംബങ്ങളിലാണെന്ന് പഠനറിപ്പോര്‍ട്ടുകള്‍.

സാമ്പത്തികമായും വിദ്യാഭ്യാസപരമായും മുന്‍പന്തിയില്‍നില്‍ക്കുന്ന കുടുംബങ്ങള്‍തന്നെയാണ് പെണ്‍ഭ്രൂണഹത്യയിലും മുന്നിലെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഒരു പെണ്‍കുട്ടിയുള്ള കുടുംബങ്ങള്‍ രണ്ടാമതും പെണ്‍കുട്ടിയാണെന്നറിയുമ്പോഴാണ് ഗര്‍ഭഛിദ്രത്തിനു മുതിരുന്നത്.

1980-2010 കാലയളവില്‍ ഗര്‍ഭഛിദ്രത്തിനു വിധേയരായ കുട്ടികളുടെ എണ്ണം 40 ലക്ഷം മുതല്‍ 1.20 കോടി വരെ വരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദവിവരങ്ങളോടുകൂടിയ റിപ്പോര്‍ട്ട് ലാന്‍സെറ്റ് മാസികയുടെ അടുത്ത് ലക്കത്തില്‍ പ്രസിദ്ധീകരിക്കും.

ലിംഗ അസമത്വം വ്യാപകമായിട്ടുള്ള സംസ്ഥാനങ്ങളിലാണ് ഇന്ത്യന്‍ ജനസംഖ്യയുടെ ഭൂരിഭാഗവും താമസിക്കുന്നത്. അതുകൊണ്ടു തന്നെ ഭ്രൂണഹത്യയ്ക്കുള്ള സാധ്യതയും ഇവിടെ കൂടുതലാണ്. ടൊറന്റോ സര്‍വകലാശാലയിലെ പ്രഭാത് ജാ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

ധനിക കുടുംബങ്ങളില്‍നിന്നു വ്യത്യസ്തമായി വിദ്യാഭ്യാസം കുറഞ്ഞ കുടുംബങ്ങളില്‍ ആണ്‍-പെണ്‍ അനുപാതം വലിയ വ്യത്യാസമില്ലാതെ തുടരുന്നുവന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.